കൊച്ചി: ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നും അത് കൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളില്‍ ഗാര്‍ഹിക പീഡന വകുപ്പ് ഉപയോഗിക്കാനാവില്ലെന്നും ഹൈക്കോടതി. (A living together relationship is not a marriage; Court says domestic violence act will not apply ) നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവായി കാണാനാകൂ എന്നും കോടതി വ്യക്തമാക്കി.
|
ലിവിങ് ടുഗതര്‍ പങ്കാളിയായ യുവാവിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം സ്വാദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡന
കേസ് റദ്ദാക്കികൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.
എറണാകുളം സ്വദേശിയായ യുവാവ് പരാതിക്കാരിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ ബന്ധം തകര്‍ന്നപ്പോള്‍ യുവതി പങ്കാളിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 2023 മാര്‍ച്ച് മുതല്‍ ആഗസ്ത് വരെ ഒന്നിച്ചു ജീവിച്ച സമയത്ത് ശാരീരിക, മാനസിക പീഡനങ്ങളേറ്റെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഇതിനെതിരേയാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഐ.പി.സി 498 (എ) വകുപ്പ് അനുസരിച്ചായിരുന്നു കേസ്. വിവാഹ ബന്ധത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ പീഡനങ്ങളേല്‍ക്കുന്നത് തടയുന്നതിനുള്ള വകുപ്പാണിത്. എന്നാല്‍, വിവാഹം കഴിക്കാത്ത പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക മാനസിക പീഡനം ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഐ.പി.സി 498 (എ) പ്രകാരം കേസ് എടുക്കാനാകില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.





