കോഴിക്കോട്: ഇടതുപക്ഷത്തിന് അനുകൂലമായി സമസ്ത് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. നേതൃത്വത്തിന്റെ ആഹ്വാനം ലംഘിച്ച് പ്രവര്‍ത്തനം നടത്തിയവര്‍ സമസ്തക്കാരല്ലെന്നും സമസ്തയുടെ വേഷം കെട്ടിയ ലീഗ് വിരുദ്ധരാണെന്നും പൂക്കോട്ടൂര്‍ ആരോപിച്ചു. ( Abdussamad Pookotoor said that action will be taken against those who campaigned in favor of the left )
|
‘സമസ്ത പ്രസിഡന്റ് ഉള്‍പ്പെടെ സമുന്നതരായ നേതാക്കളുടെ സുവ്യക്തമായ പ്രസ്താവന ഈ വിഷയത്തില്‍ വന്നിരുന്നു. അതിന് ശേഷവും ഈ ബന്ധം വഷളാക്കുന്ന പ്രവര്‍ത്തനം തുടരുന്നവര്‍ സമസ്തക്കാരല്ല. അവര്‍ സമസ്ത ചമഞ്ഞ് ഇവ രണ്ടും തമ്മിലൊരു ഭിന്നതയുണ്ടാക്കാന്‍ അധ്വാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ വിജയിപ്പിക്കാനോ മുസ്ലിം ലീഗിനെ തോല്‍പ്പിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഘടനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചയാളുകളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിശോധിക്കും.
ഇവരുടെ പ്രവര്‍ത്തനം പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിയുടെ വിജയത്തെ ബാധിക്കില്ല. സമസ്ത ലീഗ് തര്‍ക്കം നേതാക്കള്‍ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.


