17
Mar 2026
Tue
17 Mar 2026 Tue
accused in Muhammadali kidnaping case arrested who is relative of him

സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായി വലിയപീടിയക്കല്‍ മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്. മുഹമ്മദലിയുടെ പിതൃസഹോദരന്റെ മകന്‍ പൂങ്ങോട് വലിയപീടിയക്കല്‍ ഷിയാസ് പോലീസ് പിടിയില്‍. ഡിസംബര്‍ 6നാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം വച്ച് ഒരു സംഘം മുഹമ്മദലിയെ സഞ്ചരിച്ചിരുന്ന ടൊയോട്ട വെല്‍ഫയര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടത്തിക്കൊണ്ട് പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഭവ സ്ഥലത്തും, ജില്ലയ്ക്കകത്തും പുറത്തും തിരച്ചില്‍ നടത്തുന്നതിനൊടുവിലാണ് ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വച്ച് അക്രമികളുടെ കൈയില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാര്‍ പോലീസിന് കൈമാറിയത്. ക്രമികളുടെ ഉപദ്രവത്തില്‍ മാരകമായ പരിക്കേറ്റ മുഹമ്മദാലിയെ ഉടന്‍ തന്നെ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നുതന്നെ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ദിവസങ്ങളില്‍ മറ്റു പ്രതികളെ തേടി പോലീസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തില്‍ കേരളത്തിനകത്തും പുറത്തും സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും, കടത്തിക്കൊണ്ട് പോകലിന് നേതൃത്വം നല്‍കിയ ക്രിമിനലുകളെ പിടികൂടുകയും ചെയ്തിരുന്നു.

എന്നാല്‍ പോലീസിന്റെ തുടരന്വേഷണത്തിന്റെ വാള്‍മുന തനിക്ക് നേരെയാണെന്ന് അറിഞ്ഞ മുഖ്യപ്രതി ഈ സമയം വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പാലക്കാട് ജില്ലാപോലീസ് മേധാവി അജിത് കുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളരെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ബന്ധു വീട്ടില്‍ നോമ്പുതുറയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വിശ്വസ്തത മുതലെടുത്ത് ഷിയാസിന്റെ തട്ടിപ്പ്

ഒരു കാലത്ത് മുഹമ്മദാലിയുടെ വിശ്വസ്തനും, അദ്ദേഹത്തിന്റെ പല ബിസിനസ്സുകളും നോക്കി നടത്തുകയും ചെയ്തിരുന്നു ഷിയാസ്. ഇതിനിടെ ഷിയാസ് നടത്തിവന്നിരുന്ന തട്ടിപ്പുകള്‍ മുഹമ്മദാലി കണ്ടെത്തുകയും ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതോടെ ഷിയാസിന്റെ വരുമാനം നിലയ്ക്കുകയും കടക്കെണിയിലകപ്പെടുകയും ചെയ്തു.

ഇതിന്റെ പക വീട്ടുന്നതിനും, മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയുമാണ് പ്രതിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നുമാണ് വിവരം.തെളിവുകള്‍ സഹിതം യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ കുടുംബം ക്ഷമയോടെ ഇത്രയും ദിവസം കാത്തിരുന്നത് എന്ന് മുഹമ്മദാലി യുടെ മകന്‍ അലി മുഹമ്മദ് അലി പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഇനി ആര്‍ക്കും തന്റെ പിതാവിന്റെ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ പാലക്കാട് നിന്ന് കണ്ടെത്തി; ശരീരമാസകലം മുറിവുകള്‍