17
Jul 2025
Thu
17 Jul 2025 Thu
Actor Mohanlal consoles a journalist after he was hit in the eye by a TV channel's microphone.

തിരുവനന്തപുരം: ടി.വി ചാനലിന്റെ മൈക്ക് കണ്ണില്‍ തട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ ആശ്വസിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. തനിക്കു യാതൊരു വിധ പ്രയാസമോ പ്രശ്‌നമോ ഇല്ലെന്നും പുരികത്ത് കൊള്ളാനുള്ളത് കണ്ണില്‍ കൊണ്ടുവെന്ന് ലാല്‍ പറഞ്ഞു. ഫോണ്‍ വയ്ക്കാന്‍ നേരം ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ എന്ന് ലാല്‍ തമാശയ്ക്ക് ആവര്‍ത്തിക്കുക കൂടി ചെയ്തു.. ”അതു കഴിഞ്ഞ കാര്യമല്ലേ. കുഴപ്പമുണ്ടായാലും ഒന്നും ചെയ്യനാകില്ലല്ലോ. എന്റെ പുരികത്ത് കൊള്ളാവുന്നത് കണ്ണില്‍ കൊണ്ടു. അത്ര മാത്രം എന്ന് കരുതിയാല്‍ മതി. വേറെ കുഴപ്പമൊന്നുമില്ല”- മോഹന്‍ ലാല്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ജി.എസ്.ടി സംഘടിപ്പിച്ച ചടങ്ങ് കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ‘ഞാനറിഞ്ഞിട്ട് പറയാം…’എന്നു പറഞ്ഞ് കാറില്‍ കയാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു മൈക്ക് മോഹലാലിന്റെ കണ്ണില്‍ തട്ടിയത്. ക്ഷുഭിതനാകാതെ ‘എന്താണ് മോനേ ഇത്…’എന്നു പറഞ്ഞ് സൗമ്യമായിട്ടാണ് മോഹന്‍ലാല്‍ പോയത്.സമൂഹ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സംഭവത്തിന്റെ വീഡിയ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലേഖകന്‍ മോഹലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് മോഹന്‍ലാല്‍ തിരിച്ചുവിളിച്ചു. ഉണ്ടായ സംഭവം ലേഖകന്‍ പറഞ്ഞു.മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കാഡും ലേഖകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിസ്മയയുടെ സിനിമാപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു. ‘അഞ്ചുമണിക്കോ, ആറുമണിക്കോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാന്‍ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്കറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കരുതല്ലോ. അതുകൊണ്ടാണ് എനിക്ക് അറിയില്ല. അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്”’കുഴപ്പമൊന്നുമില്ല മോനേ, ടേക്ക് കെയര്‍ ഞാന്‍ പക്ഷേ, നോക്കി വച്ചിട്ടുണ്ട്…” എന്ന തമാശ പറഞ്ഞ് ചിരിച്ചാണ് മോഹന്‍ലാല്‍ സംഭാഷണം അവസാനിപ്പിച്ചത്.

 


ചൊവ്വാഴ്ച തിരുവനന്തപുരത്ത് ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച ‘ബൈറ്റ്’ എടുക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ലാലിനെ സമീപിച്ചത്. ഇതിനിടെ 24 ന്യൂസിന്റെ മൈക്ക് ആണ് താരത്തിന്റെ മുഖത്ത് തട്ടിയത്. ‘എന്താണ് മോനേ ഇത്.. കണ്ണിലൊക്കെ…’ എന്ന് പറഞ്ഞ് മൈക്ക് തട്ടി വേദനിച്ച ഭാഗം തടവിക്കൊണ്ട് താരം കാറില്‍ കയറി.

പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവര്‍ത്തകനെ കുറ്റപ്പെടുത്തുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മോഹന്‍ലാല്‍ ഈ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അയാളെ വിളിച്ചത്. മോഹന്‍ലാലിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സനില്‍കുമാറിന്റെ ഫോണില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടത്.

വിസ്മയയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായതുമില്ല. ‘ഞാന്‍ അറിഞ്ഞില്ല ഒന്നും’ എന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അരങ്ങേറ്റ സിനിമയുടെ പേര് മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ 37ാമത് ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. തുടക്കം എന്നാണ് സിനിമയുടെ പേര്. മകന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്.

Actor Mohanlal consoles a journalist after he was hit in the eye by a TV channel’s microphone.