
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. അഫ്ഗാനില്‍ താലിബാന് പോരാളികള്‍ ഉള്‍പ്പെടെ 200ല്‍ അധികം പേരെ കൊലപ്പെടുത്തിയതായി പാക് സൈനിക മാധ്യമ വിഭാഗം അവകാഷപ്പെട്ടു. അതേസമയം, തിരിച്ചടിയില്‍ 58 പാക് സൈനികരെ കൊലപ്പെടുത്തിയതായി താലിബാനും അവകാശപ്പെട്ടു.
![]() |
|
താലിബാന് പോസ്റ്റുകള്‍, ക്യാമ്പുകള്‍, ആസ്ഥാനങ്ങള്‍, തീവ്രവാദികളുടെ പിന്തുണ ശൃംഖലകള്‍ എന്നിവയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചതായി പാക് സൈന്യം വ്യക്തമാക്കി. തങ്ങളുടെ സേന 19 അഫ്ഗാന് അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്തതായും പാകിസ്താന് പറയുന്നു.
അതേസമയം, അതിര്‍ത്തിയിലെ രാത്രികാല ഓപ്പറേഷനുകളില്‍ 58 പാകിസ്താന് സൈനികരെ വധിച്ചതായി അഫ്ഗാന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, പാകിസ്താന് നല്കുന്ന കണക്ക് 23 ആണ്.
വ്യാഴാഴ്ച അഫ്ഗാന് തലസ്ഥാനത്ത് വ്യോമാക്രമണം നടന്നതിനെത്തുടര്‍ന്നാണ് അതിര്‍ത്തി കടന്നുള്ള ഈ ആക്രമണങ്ങള്‍. കാബൂള്‍ ഈ ആക്രമണത്തിന് ഇസ്ലാമാബാദിനെയാണ് കുറ്റപ്പെടുത്തിയത്. രൂക്ഷമായ ഏറ്റുമുട്ടലുകള്‍ കാരണം പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചിട്ടിരിക്കുകയാണ്.
താലിബാന് പോരാളികള്‍ പാക് അതിര്‍ത്തി കടക്കാനുള്ള ശ്രമം നാട്ടുകാരും സൈന്യവും ചേര്‍ന്ന് തകര്‍ത്തതായും റിപോര്‍ട്ടുണ്ട്.
പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചാഗൈ ജില്ലയിലെ ബരംചയില് നിന്നുള്ള ഒരു താമസക്കാരനെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. രാത്രിയില്‍ താലിബാന് പോരാളികള്‍ പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു ചെക്ക്പോസ്റ്റിനെ സമീപിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.
അവര്‍ വെടിവയ്പ് ആരംഭിച്ചു, രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു, തുടര്‍ന്ന് പാകിസ്താന് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിച്ച് പ്രദേശത്തെ ചെക്ക്പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തു എന്നും ഉമര്‍ ഖാന് എന്നയാള്‍ അല്‍ ജസീറയോട് പറഞ്ഞു.