04
Jul 2026
Sat
04 Jul 2026 Sat
agra murder

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ യുവതി അറസ്റ്റിൽ. ആഗ്ര സ്വദേശിനിയായ റൂബിയാണ് ഭർത്താവ് സുരേന്ദ്ര ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. ക്രൂരമായ കൊലപാതകത്തിലും തെളിവ് നശിപ്പിച്ചതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 45 ദിവസമായി സുരേന്ദ്ര ശർമ്മയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ സംശയം തോന്നി വീട്ടിലെ ബാത്ത്റൂം തറയിലെ പ്ലാസ്റ്ററിംഗ് പൊളിച്ചുമാറ്റിയപ്പോഴാണ് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഭർത്താവിനെ കാണാതായതോടെ ഇയാളെ കണ്ടെത്താനെന്ന വ്യാജേന പോലീസിനൊപ്പം ചേർന്ന് റൂബിയും തിരച്ചിൽ നാടകം നടത്തിയിരുന്നു. ഭർത്താവിന്റെ കാണാതാകലിൽ മനംനൊന്ത് അയൽക്കാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഇവരുടെ അഭിനയം. എന്നാൽ സുരേന്ദ്ര ശർമ്മയുടെ സഹോദരൻ റൂബിയുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കാണാതായതുമായി ബന്ധപ്പെട്ട് റൂബി നൽകിയ മൊഴികളിലെ വൈരുദ്ധ്യം സുരേന്ദ്രന്റെ കുടുംബം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ALSO READ: ചാമ്പ്യന്മാരെ വിറപ്പിച്ച് കബോ വെര്‍ദെ; ഇത് കുഞ്ഞന്മാരുടെ ഇതിഹാസം

തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. മൃതദേഹം കുഴിച്ചുമൂടാൻ റൂബിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

2025 ഫെബ്രുവരിയിൽ രാജ്യം മുഴുവൻ ചർച്ച ചെയ്ത ‘ബ്ലൂ ഡ്രം’ (Blue Drum) കൊലപാതകക്കേസിന് സമാനമായ രീതിയിലാണ് ഈ കൊലപാതകവും നടന്നിരിക്കുന്നത്. അന്ന് മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ ഭാര്യ മുസ്കാനും കാമുകൻ സാഹിലും ചേർന്ന് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിലിട്ട് സിമന്റിട്ട് മൂടുകയായിരുന്നു.

Agra Woman Kills Husband, Buries Body In Bathroom