ഭോപ്പാൽ: ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് എന്തുവിലകൊടുത്തും ബിജെപിയിൽനിന്ന് തിരിച്ചുപിടിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയെ കോൺഗ്രസ് പാർട്ടിയിൽ ലയിപ്പിച്ചു.
|
ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവായിരുന്ന ബജ്‌റങ് സേന കൺവീനർ രഘുനന്ദൻ ശർമ തൽസ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിമുതൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശർമയുടെ സാന്നിധ്യത്തിൽ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പ്രഖ്യാപിച്ചു.
ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്താണ് ലയന ചടങ്ങ് നടന്നത്. ചടങ്ങിനു മുന്നോടിയായി കാവി ധരിച്ച നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു. പഴയ ആശയങ്ങളെല്ലാം ഉപേക്ഷിച്ച് പൂർണമായും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിക്കുന്നതായി ബജ്‌റങ് സേന ഭാരവാഹികൾ ലയന ചടങ്ങിൽ പ്രഖ്യാപിച്ചതായി കോൺഗ്രസ് മീഡിയ വിഭാഗം തലവൻ കെ.കെ മിശ്ര പറഞ്ഞു.
കഴിഞ്ഞ മാസം ബിജെപിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് ചുക്കാൻ പിടിച്ചത്. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്‌റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും സന്നിഹിതനായിരുന്നു. ബജ്‌റങ് ദളിനെ കർണാടകയിൽ നിരോധിക്കാനും മടിക്കില്ലെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൻ വിവാദമായതിനു പിന്നാലെയാണ് ഇത്തരമൊരു ലയനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





