31
Aug 2023
Sun
31 Aug 2023 Sun

പ്രവാസികള്‍ക്ക് കനത്ത പ്രഹരം; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി, ആറിരട്ടി വരെ വര്‍ധനവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പ്രവാസികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി വരെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. ആഗസ്ത് മാസം മുഴുവനും സെപ്റ്റംബര്‍ മാസം പകുതി വരെയും കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് വിമാനകമ്പനികള്‍. കേരളത്തില്‍ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ഇരുപത്തി അയ്യായിരം രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത്.
അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപക്ക് മുകളില്‍ മുടക്കണം. ഈ മാസം അവസാനം ഓണമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വര്‍ധിക്കും. സ്‌കൂള്‍ അവധിക്കാലവും പെരുന്നാള്‍, ഓണം പോലുള്ള സീസണ്‍ അവധികളും മുതലെടുത്ത് വിമാന കമ്പനികള്‍ നടത്തുന്ന ഈ ചൂഷണം ഇത്തവണയും തുടരുകയാണ്. ഉയര്‍ന്ന നിരക്ക് കാരണം പല കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര മാറ്റി വെച്ചിരുന്നു.

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ എല്ലാ ഇന്ത്യന്‍ വിദേശ വിമാന കമ്പനികളും ഒരു പോലെ തന്നെയാണ്. സാധാരണ ഗതിയില്‍ 7000 മുതല്‍ 8000 രൂപക്ക് വരെ നല്‍കുന്ന ടിക്കറ്റിനാണ് ഈ സീസണുകളില്‍ നാല്‍പ്പതിനായിരം രൂപ വരെ ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുകയും ടിക്കറ്റ് നിരക്ക് കുറക്കാന്‍ വിമാന കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താല്‍ മാത്രമേ പ്രവാസി മലയാളികള്‍ക്ക് അല്പമെങ്കിലും ആശ്വാസമാകൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപടേണ്ട കേന്ദ്ര സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രവാസി മലയാളികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക