22
Aug 2023
Wed
22 Aug 2023 Wed

ഇഞ്ച്വറി ടൈമിലെ രണ്ട് ഗോളുകള്‍; ക്രിസ്റ്റ്യാനോ ഗോളടിച്ചില്ലെങ്കിലും അല്‍ നസ്‌റിന് ജയം; ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റിയാദ്: ഫുട്‌ബോള്‍ പ്രേമികളെ ആദ്യാവസാനം ത്രസിപ്പിച്ച മത്സരത്തിനൊടുവില്‍ യുഎഇ ഒന്നാം ലീഗ് ക്ലബ്ബായ ഷബാബ് അല്‍ അഹ്ലിയെ വീഴ്ത്തി സൗദിയുടെ അല്‍ നസ്ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേ ഓഫ് പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ എഫ്‌സിയുടെ അപ്രതീക്ഷിത വിജയം. ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ക്കണ്ട അല്‍ നസ്ര്‍ അവസാന മിനിറ്റുകളില്‍ നടത്തിയ ഞെട്ടിക്കുന്ന തിരിച്ചുവരവിലൂടെയാണ് അപ്രതീക്ഷിത ജയം പിടിച്ചെടുത്തത്.

സൗദി പ്രോ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അല്‍ നസ്‌റിന് ഉത്തേജകം നല്‍കുന്ന വിജയമായി ഇത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അല്‍ നസ്‌റിന്റെ തിരിച്ചുവരവ്. ബ്രസീല്‍ താരം ടാലിസ്‌ക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സുല്‍ത്താന്‍ അല്‍ ഗനം, മാര്‍സലെ ബ്രൊസോവിച്ച് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. കഴിഞ്ഞ ഡിസംബറില്‍ അല്‍ നസ്‌റില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനൊ ഏഷ്യന്‍ ഫുട്‌ബോളിന്റെ ടോപ് ക്ലബ്ബ് ഡിവിഷന് വേണ്ടി കളിക്കുന്നത്.

പതിനൊന്നാം മിനുറ്റില്‍ ടാലിസ്‌കയിസൂടെ നസ്‌റാണ് ഗോളടിച്ച് തുടങ്ങിയെങ്കിലും ഷബാബ് തിരിച്ചെത്തി. ബ്രൊസോവിച്ചിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ടാലിസ്‌കയുടെ ഗോള്‍. 18ാം മിനുറ്റില്‍ യഹ്‌യയിലൂടെ ഷബാബ് ഒപ്പമെത്തി. ഇതിനിടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ രണ്ട് പെനല്‍റ്റി അപ്പീലുകള്‍ നടത്തിയെങ്കിലും റഫറി അനുവദിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഷബാബ് മറ്റൊരു ഗോള്‍ കൂടി നസര്‍ വലയില്‍ എത്തിച്ചു. അതോടെ 2 – 1ന് ഷബാബ് മുന്നില്‍. എന്നാല്‍ നിശ്ചിത ടൈം തീരാന്‍ രണ്ട് മിനുറ്റ് ബാക്കിയിരിക്കെ(88ാം മിനുറ്റ്) സുല്‍ത്താന്‍ അല്‍ ഘനമിലൂടെ നസര്‍ ഒപ്പമെത്തി. ഇതോടെ സ്‌കോര്‍ 2 – 2.

ഏഴ് മിനുറ്റാണ് ഇഞ്ച്വറി ടൈമായി അനുവദിച്ചത്. 95ാം മിനുറ്റില്‍ ടാലിസ്‌കയും രണ്ട് മിനുറ്റിനപ്പുറം 97ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ താരം ബ്രെസോവിച്ചും ഗോള്‍ നേടുകയായിരുന്നു. ബ്രൊസോവിച്ചിന്റെ ഗോളിന് വഴിയൊരുക്കിയത് റൊണാള്‍ഡോയായിരുന്നു.

നേരത്തെ അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പില്‍ കിരീടം നേടിക്കൊണ്ട് സീസണ് ഉജ്ജ്വല തുടക്കമിട്ടതിന് ശേഷമാണ് സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ മോശം ഫോമിലേക്ക് വീണത്. അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനെ വീഴ്ത്തി യായിരുന്നു അല്‍ നസറിന്റെ കിരീടധാരണം. കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു റോണോയും സംഘവും വിജയിച്ചത്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയായിരുന്നു മത്സരത്തില്‍ അവരുടെ രണ്ടുഗോളുകളും നേടിയത്.

Al-Nassr wins thriller against Shabab Al-Ahli to qualify for AFC Champions League