04
Jan 2026
Sat
04 Jan 2026 Sat
amrith bharath train

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. തിരുവനന്തപുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. കേരളത്തിന് ലഭിച്ച് നാല് ട്രെയിനുകള്‍ക്കൊപ്പം തമിഴ്‌നാടിന് ലഭിച്ച രണ്ട് ട്രെയിനുകളും മോദി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ രാജ്യത്ത് പുതിയ ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചിരുന്നില്ല. ഇതിനു പരിഹാരമായാണ് റെയില്‍വേ മൂന്ന് അമൃത് ഭാരതുകള്‍ അനുവദിച്ചത്. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗര്‍കോവില്‍ – മംഗളൂരു എന്നീ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

അമൃത് ഭാരത് ട്രെയിനുകള്‍ക്കൊപ്പം ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറും അനുവദിട്ടുണ്ട്. ഈ നാല് സര്‍വീസുകള്‍ക്ക് പുറമെ നാഗര്‍കോവില്‍ – ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍ – ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് പുതിയ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനത്തിന് എത്തി വന്‍ പ്രചാരണം നല്‍കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് തലസ്ഥാനത്തെത്തുന്നത്. കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. ഈ വേളയിലാകും പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്.

ALSO READ: മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍?

പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫിനൊപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 11 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്.

പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ എത്തുന്നതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാകും. തിരുവനന്തപുരത്ത് നിന്ന് താംബരത്തേക്കും ഹൈദരാബാദേക്കുമുള്ള സര്‍വീസിനൊപ്പം നാഗര്‍കോവില്‍ – മംഗളൂരു ട്രെയിനും ഉണ്ട്. ഇത് കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് അതിവേഗ യാത്ര സാധ്യമാക്കും.

എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ വൈകീട്ട് 6:10 ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6:50 ന് തൃശൂരിലെത്തും. തൃശൂരില്‍ നിന്ന് രാത്രി 8:10ന് പുറപ്പെട്ട് 8:45 ന് ഗുരുവായൂരിലെത്തും.