05
Nov 2026
Thu
05 Nov 2026 Thu
Anant Ambani Rescuing Chickens Video Trolled Vantara JioMart Controversy

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി ഇറച്ചിക്കായി കൊണ്ടുപോവുകയായിരുന്ന കോഴികളെ വാഹനം തടഞ്ഞു നിര്‍ത്തി ‘രക്ഷപ്പെടുത്തുന്ന’ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള ട്രോളുകളും കടുത്ത വിമര്‍ശനങ്ങളുമാണ് അനന്ത് അംബാനിക്കെതിരെ ഉയരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ഏപ്രിലില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ദ്വാരകയിലേക്ക് അനന്ത് നടത്തിയ പദയാത്രയ്ക്കിടയിലാണ് സംഭവം. റോഡിലൂടെ കൂട്ടിലടച്ച് കൊണ്ടുപോയ കോഴികളെ കണ്ട് വാഹനം നിര്‍ത്താന്‍ നിര്‍ദ്ദേശിച്ച അനന്ത്, ഒരു കോഴിയെ കൈയിലെടുത്തുകൊണ്ട് വാഹനത്തിലുള്ള മുഴുവന്‍ കോഴികളെയും വിലകൊടുത്തു വാങ്ങി രക്ഷിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.

മുതലത്തോല്‍ ജാക്കറ്റും ജിയോമാര്‍ട്ട് മാംസവില്പനയും

വീഡിയോ വീണ്ടും പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലും (X) ഇന്‍സ്റ്റാഗ്രാമിലും ഉപയോക്താക്കള്‍ പരിഹാസങ്ങളുമായി രംഗത്തെത്തി.

മുതലത്തോല്‍ ജാക്കറ്റ് വിവാദം: താന്‍ കടുത്ത വെജിറ്റേറിയനാണെന്ന് അവകാശപ്പെടുന്ന അനന്ത് ചിക്കന്‍ കഴിക്കില്ലെങ്കിലും, കോടികള്‍ വിലമതിക്കുന്ന മുതലത്തോല്‍ (Crocodile Leather) കൊണ്ടുള്ള ആഡംബര ജാക്കറ്റുകള്‍ ധരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ചിലര്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചു.

ജിയോമാര്‍ട്ടിലെ മാംസവ്യാപാരം: അനന്തിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ റീട്ടെയില്‍ പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് (JioMart) വഴി വിപണി വിലയേക്കാള്‍ ഇരട്ടി നിരക്കില്‍ ചിക്കനും മാംസ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വില്ലപ്പന നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് മറ്റു ചിലര്‍ ഇരട്ടത്താപ്പ് തുറന്നുകാട്ടിയത്.

‘വന്താരയിലെ സിംഹങ്ങള്‍ക്ക് ഖിച്ച്ഡിയോ?’

ഗുജറാത്തിലെ ജാംനഗറിലുള്ള അംബാനി കുടുംബത്തിന്റെ സ്വകാര്യ മൃഗസംരക്ഷണ കേന്ദ്രമായ ‘വന്താര’യും (Vantara) സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

3,500-ലധികം ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വന്താരയില്‍ 260-ഓളം ആനകളും 200-ലേറെ സിംഹങ്ങളും 150-ഓളം കടുവകളും ഉള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം വന്യമൃഗങ്ങളും പക്ഷികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാംസാഹാരികളായ ഇത്രയധികം ഹിംസ്രജന്തുക്കള്‍ക്ക് ദിവസേന നല്‍കാന്‍ എവിടെനിന്നാണ് മാംസം എത്തിക്കുന്നതെന്നും, അതോ അവിടെയും വെജിറ്റേറിയന്‍ ഭക്ഷണമായ ‘ഖിച്ച്ഡി'(ചോറും പരിപ്പും) ആണോ നല്‍കുന്നതെന്നും നെറ്റിസണ്‍സ് പരിഹാസത്തോടെ ചോദിക്കുന്നു.

ചില ജനകീയ പ്രതിച്ഛായകള്‍ ഉണ്ടാക്കിയെടുക്കാന്‍ നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലെ രീതികളുമായി ഒത്തുപോകുന്നില്ലെന്നാണ് വീഡിയോയ്‌ക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

Tags: Anant Ambani Rescuing Chickens, Anant Ambani Trolled, Vantara Jamnagar Anant Ambani, JioMart Meat Sales, Anant Ambani Video Viral, Reliance News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക