ബെംഗളൂരു / ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം കൈവരിച്ചതായി ലോകബാങ്കിന്റെ പുതിയ പഠന റിപ്പോർട്ട്. 2011 നും 2023 നും ഇടയിലുള്ള 12 വർഷത്തിനിടെ ഇന്ത്യയിൽ 49.6 കോടി (ഏകദേശം 500 മില്യൺ) ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
ഇക്കാലയളവിൽ രാജ്യത്തെ തീവ്ര ദാരിദ്ര്യം (Extreme Poverty) 27.1 ശതമാനത്തിൽ നിന്ന് വെറും 2.6 ശതമാനമായി കുത്തനെ കുറഞ്ഞു. ലോകത്ത് ഇത്രയും വലിയ തോതിൽ കുറഞ്ഞ കാലയളവിൽ ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ട മറ്റൊരു സംഭവം ചൈനയുടേത് മാത്രമാണ്. 40 വർഷങ്ങൾ കൊണ്ടാണ് ചൈന 80 കോടി ജനങ്ങളെ തീവ്ര ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതെങ്കിൽ, ഇന്ത്യ വെറും 12 വർഷം കൊണ്ടാണ് 50 കോടിയോളം ജനങ്ങളെ കരകയറ്റിയത്.
പ്രതിദിനം 3 ഡോളർ (ഏകദേശം 250 രൂപ) എന്ന ലോകബാങ്ക് മാനദണ്ഡപ്രകാരമാണ് തീവ്ര ദാരിദ്ര്യത്തിന്റെ നിരക്ക് കണക്കാക്കിയത്. ഭരണകൂടത്തിന്റെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO) നടത്തിയ ഹൗസ്ഹോൾഡ് കൺസംപ്ഷൻ എക്സ്പെൻഡിച്ചർ സർവേ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ഈ വിശകലനം നടത്തിയത്.
- ഇടത്തരം ദാരിദ്ര്യരേഖ: പ്രതിദിനം 4.20 ഡോളർ (കുറഞ്ഞ ഇടത്തരം വരുമാന രേഖ) ജീവിക്കുന്ന ജനസംഖ്യയുടെ അനുപാതം 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി താഴ്ന്നു.
- ഭാവി പ്രവചനം: ഇതേ രീതി തുടർന്നാൽ 4.20 ഡോളർ പരിധിയിലെ ദാരിദ്ര്യ നിരക്ക് 2028-ഓടെ 12.1 ശതമാനമായി ഇനിയും കുറയുമെന്ന് ലോകബാങ്ക് ദക്ഷിണേഷ്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അയാഗോ വാംബിലെയുടെ നേതൃത്വത്തിലുള്ള സംഘം പ്രവചിക്കുന്നു.
-
വളർച്ചയ്ക്ക് കാരണം: ഗാർഹിക ഉപഭോഗത്തിലെ വർദ്ധനവ്, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ തൊഴിലവസരങ്ങൾ, സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ എന്നിവയാണ് ഈ നേട്ടത്തിന് വഴിതുറന്നത്.
1990-കളിൽ മൻമോഹൻ സിംഗ് തുടക്കമിട്ട സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ മുതൽ പിന്നീട് വന്ന സർക്കാരുകൾ നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികൾ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
-
ഗ്രാമീണ തൊഴിലുറപ്പ്: യു.പി.എ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 100 ദിവസത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചു.
-
ക്ഷേമപദ്ധതികളും ഡിജിറ്റൽ സേവനങ്ങളും: എൻ.ഡി.എ സർക്കാർ വന്ന ശേഷം 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പദ്ധതി, കർഷകർക്കുള്ള നേരിട്ടുള്ള പണക്കൈമാറ്റം (Direct Cash Transfer), ആവാസ് യോജന വഴിയുള്ള വീട് നിർമ്മാണം, ശുചിമുറി നിർമ്മാണം എന്നിവ പ്രതിഫലിച്ചു.
-
കുടിവെള്ളവും ശുചിത്വവും: ഗ്രാമീണ മേഖലയിൽ പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷനുകൾ 2019-ൽ 17 ശതമാനമായിരുന്നത് 82 ശതമാനത്തിലേക്ക് ഉയർന്നത് രോഗാതുരത കുറയ്ക്കാനും ഗാർഹിക വരുമാനം മെച്ചപ്പെടുത്താനും സഹായിച്ചതായി ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഗവേഷകർ വ്യക്തമാക്കുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ സുസ്ഥിര നയങ്ങളുടെയും ജനക്ഷേമ പദ്ധതികളുടെയും വിജയമാണിതെന്ന് പത്രക്കുറിപ്പിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും വ്യക്തമാക്കി.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ നേട്ടമുണ്ടാക്കിയെങ്കിലും രാജ്യത്ത് സമ്പത്തിന്റെ അസമത്വം (Income Inequality) ആശങ്കാജനകമായ രീതിയിൽ തുടരുകയാണെന്ന് 2026-ലെ വേൾഡ് ഇക്വാലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
-
വരുമാന വിടവ്: രാജ്യത്തെ ആകെ വരുമാനത്തിന്റെ 58 ശതമാനവും ജനസംഖ്യയിലെ ഏറ്റവും ഉയർന്ന 10 ശതമാനം ആളുകളുടെ കൈകളിലാണ്. എന്നാൽ താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങൾക്ക് ലഭിക്കുന്നത് ആകെ വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ്.
- വേതന വ്യത്യാസം: 2023-ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന 10 ശതമാനം ജീവനക്കാരുടെ വരുമാനം താഴെത്തട്ടിലുള്ള 10 ശതമാനം ജീവനക്കാരുടെ വേതനത്തേക്കാൾ 13 മടങ്ങ് കൂടുതലാണ്.
- യുവാക്കളിലെ തൊഴില്ലായ്മ: ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ (ഡിപ്ലോമ/പി.ജി) തൊഴില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതും, അടിസ്ഥാന വിദ്യഭ്യാസ-ആരോഗ്യ മേഖലകളിലേക്ക് ജി.ഡി.പി-യുടെ തുച്ഛമായ തുക മാത്രം നീക്കിവെക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
പഴയ ആസൂത്രണ കമ്മീഷൻ ഉപദേശകരും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായ ജയതി ഘോഷ്, സന്തോഷ് മെഹ്റോത്ര തുടങ്ങിയവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക, വൻതോതിലുള്ള സബ്സിഡികൾ നൽകി നിർണ്ണായക ഘട്ടങ്ങളെ മറികടക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ ജനങ്ങളെ ദീർഘകാലത്തേക്ക് ദാരിദ്ര്യത്തിൽ നിന്ന് സുരക്ഷിതരാക്കാൻ സാധിക്കൂ എന്നതാണ്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





