15
Jun 2023
Thu
15 Jun 2023 Thu
1 CASE വ്യാജ രേഖ ചമയ്ക്കൽ; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസും കേസെടുത്തു

കാസർകോട്: വ്യാജ രേഖ നിൽകി ജോലി നേടിയ കേസിൽ കെ വിദ്യക്കെതിരെ കാസർകോടും കേസ്. കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസാണ് കേസെടുത്തത്. കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്. നേരത്തെ, എറണാകുളം സെൻട്രൽ പൊലീസും കേസെടുത്തിരുന്നു.

ഗസ്റ്റ് ലക്ചററാകാൻ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിലാണ് മുൻ എസ്.എഫ്‌ഐ നേതാവായ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 465, 468,471 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനിയായ കെ വിദ്യക്കെതിരെ മഹാരാജാസ് കോളജിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം എറണാകുളം സെൻട്രൽ പൊലീസ്, കോളജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടപ്പാടി അഗളി പൊലീസിന് കൈമാറിയേക്കും.