|
ഹാങ്ചൗ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീം 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്.
മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഈ ഇനത്തില്‍ ചൈന സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.
രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്.
നിലവില്‍ ഒരു സ്വര്‍ണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാഗില്‍ മെഡലുകള്‍ ഏഴായി.


