31
Oct 2025
Thu
31 Oct 2025 Thu
Asianet and Reporter TV

Asianet and Reporter TV channel war മലയാളത്തിലെ മുന്‍നിര ന്യൂസ് ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടി വിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുറുകുന്നു. ബാര്‍ക്കിങ് റേറ്റിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള യുദ്ധം ഇപ്പോള്‍ നിയമപോരാട്ടത്തിലേക്കും കടന്നിരിക്കുന്നു.

whatsapp മെസ്സിയുടെ വരവിനെ ചൊല്ലി ചാനല്‍ യുദ്ധം; ഏഷ്യാനെറ്റിനെതിരേ 150 കോടിയുടെ മാന നഷ്ടക്കേസുമായി റിപോര്‍ട്ടര്‍ ടിവി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളത്തിലെ ചാനല്‍ റേറ്റിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ദൃശ്യ മാധ്യമങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടി വിയും. ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റിനെ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പുറത്താക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ആഴ്ച തന്നെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ടാണ് ഇരു ചാനലുകളും തമ്മിലുള്ള പുതിയ യുദ്ധം.

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്‌ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ALSO READ: ”ബിജെപിക്കാര്‍ എസ്‌ഐആര്‍ പ്രചാരണത്തിന് വന്നാല്‍ അവരെ കെട്ടിയിടണം; അച്ഛന്റെയും മുത്തച്ഛന്റെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പറയണം”

മെസിയേയും അര്‍ജന്റീനയേയും കേരളത്തിലേക്ക് എത്തിക്കാം എന്നേറ്റത് സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ട് ടി വി ബ്രോഡ്കാസ്റ്റിംഗ് എംഡി ആന്റോ അഗസ്റ്റിന്‍ ആയിരുന്നു. എന്നാല്‍ നവംബറിലെ വിന്‍ഡോയില്‍ മെസിയും ടീമും എത്തില്ല എന്ന് അടുത്തിടെ സ്പോണ്‍സര്‍മാരെ അര്‍ജന്റീന ടീം അറിയിച്ചിരുന്നു. ഇതോടെ റിപ്പോര്‍ട്ടര്‍ ടിവിക്കും ആന്റോയ്ക്കും എതിരെ മറ്റു ചാനലുകള്‍ വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസും ഈ അവസരം മുതലാക്കിയിരുന്നു. ഇതാണ് പരസ്യമായി ചാനല്‍ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ആയ രാജീവ് ചന്ദ്രശേഖരന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ക്രമക്കേട് നടന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി ബ്രേക്കിംഗ് ആയി പുറത്തുവിട്ടു. രാഷ്ട്രീയ വിവാദമായതിനൊപ്പം ഇത് ചാനല്‍ യുദ്ധത്തിന് ആക്കം കൂട്ടാനും കാരണമായി.

തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ റിപ്പോട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് രാജീവ് കേസ് ഫയല്‍ ചെയ്തത്.

ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയും നിയമനടപടിയുമായി രംഗത്തെത്തിയത്.

റിപ്പോര്‍ട്ടര്‍ നല്‍കിയ മറ്റൊരു ഹരജിയില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ കോടതി വിലക്കിയിട്ടുണ്ട്. ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരം വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.