ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് അതിഷി മര്‍ലേനയെ ഇറക്കിവിട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ നിര്‍ദേശപ്രകാരം അതിഷിയുടെ വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ വസതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ഇട്ടെന്നും പിന്നാലെ വസതി മുദ്രവച്ചെന്നും എ.എ.പി അറിയിച്ചു. ബി.ജെ.പി ഭരിണത്തിലുള്ള കേന്ദ്രവും ആം ആദ്മി പാര്‍ട്ടി ഭറണത്തിലുള്ള ഡല്‍ഹിയും ഏറ്റുമുട്ടിവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
|
മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അരവിന്ദ് കെജ്രിവാള് ഡല്‍ഹി സിവില്‍ ലൈന്‍സിലുള്ള ഔദ്യോഗിക വസതി വെള്ളിയാഴ്ച ഒഴിഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇവിടേക്ക് അതിഷി മെര്‍ലേന താമസം മാറിയത്. പെട്ടെന്ന് വീട് മാറിയത് വസതിയില്‍ കെജരിവാള്‍ നടത്തിയ അറ്റകുറ്റപ്പണിയുടെ പേരിലുള്ള അഴിമതി മറച്ചുവക്കാനാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി അതിഷിയെ ഒഴിപ്പിച്ചത്. അതിഷിയുടെ വസ്തുക്കള്‍ വാനിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് അതിഷി സിവില്‍ ലൈന്‍സ് വസതിയിലേക്ക് മാറിയതെന്ന് എ.എപി വ്യക്തമാക്കിയിരുന്നു. മണ്ഡി ഹൗസിന് സമീപത്തെ ഫിറോസ് ഷാ റോഡിലാണ് കെജരിവാളിന്റെ പുതിയ വസതി. പഞ്ചാബില്‍നിന്നുള്ള എ.എ.പിയുടെ രാജ്യസഭാ എം.പിക്ക് അലോട്ട്ചെയ്ത വസതിയാണിത്.
വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ ലോഡിങ് തൊഴിലാളികള്‍ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ് പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സംവരുത്തിയാല് നടപടി നേരിടേണ്ടി വരുമെന്ന് അവര്‍ അറിയിച്ചതായും അതിഷി പറഞ്ഞു.
അതിഷിയുടെ വസതിയില്‍ ഒരു മുറി മുഖ്യമന്ത്രിയുടെ ഓഫീസായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ മുറിയിലെ ഉപകരണങ്ങളും നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടും. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ലഫ്റ്റനന്റ് ഗവര്‍ണര്‍ തടസപ്പെടുത്തിയതായും എ.എ.പി ആരോപിച്ചു. ആരോപണങ്ങളോട് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Atishi evicted from the Chief Minister’s official residence
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





