29
Sep 2023
Sat
29 Sep 2023 Sat

ഹോട്ടലില്‍ ഇന്റര്‍വ്യൂ ചെയ്യാനെത്തി സൗദി യുവതിയോട് മോശമായി പെരുമാറി; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലിസ് കേസ്. ഹോട്ടലില്‍ വച്ച് 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ്‌ കേസ് എടുത്തത്. സെപ്റ്റംബര്‍ പതിമൂന്നിന് ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്.