23
Jul 2023
Fri
23 Jul 2023 Fri

ഇസ്ലാമാബാദ്: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് 18ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ വനിതാ താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്നാണ് ആയിഷ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ വിശദീകരണം. ക്രിക്കറ്റ് പ്രതിഭയെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസിം അക്രം വിശേഷിപ്പിച്ച താരമാണ് മതപരമായ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ കളി മതിയാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി നാല് ഏകദിനങ്ങളിലും 30 ട്വന്റി 20കളിലും കളത്തിലിറങ്ങിയ അയിഷ ട്വന്റി 20യില്‍ 369 റണ്‍സും ഏകദിനത്തില്‍ 33 റണ്‍സും നേടിയിട്ടുണ്ട്. വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 25 പന്തില്‍ 43 റണ്‍സും ഓസ്‌ട്രേലിയക്കെതിരെ 20 പന്തില്‍ 24 റണ്‍സും നേടി ശ്രദ്ധ നേടിയിരുന്നു.

2020 വനിതാ ട്വന്റി 20 ലോകകപ്പില്‍ തായ്ലന്‍ഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം. ഇതില്‍ മൂന്നു പന്തുകള്‍ നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായിരുന്നു. ഹാര്‍ഡ് ഹിറ്റിംഗിനും കൂറ്റന്‍ സിക്‌സറുകള്‍ക്കും പേരുകേട്ട താരമാണ് ആയിഷ നസീം. 18 കാരിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പാക് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.