13
Feb 2026
Fri
13 Feb 2026 Fri
bangladesh election result

Bangladesh election live: BNP declares victory ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബി.എന്‍.പി കേവലഭൂരിപക്ഷം പിന്നിട്ടു. ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.എന്‍.പി 211 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 79 സീറ്റുകളിലാണ് അവരുടെ എതിരാളികളായ ജമാഅത്തെ ഇസ്‌ലാമി മുന്നിട്ടുനില്‍ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഎന്‍പിയും സഖ്യകക്ഷികളും 299 മണ്ഡലങ്ങളില്‍ 211 സീറ്റുകള്‍ നേടിയതായി താല്‍ക്കാലിക ഫലങ്ങള്‍ ഉദ്ധരിച്ച് ജമുന ടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യം 70 സീറ്റുകളിലും വിജയിച്ചു. എന്നാല്‍ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും, പരാജയപ്പെട്ടാല്‍ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ‘പ്രതിപക്ഷ രാഷ്ട്രീയത്തിന്’ മുതിരില്ലെന്നും ജമാഅത്തെ ഇസ്ലാമി തലവന്‍ ഷഫീഖുര്‍ റഹ്‌മാന്‍ പറഞ്ഞു.

ബംഗ്ലാദേശ് പാര്‍ലമെന്റില്‍ ആകെ 350 ജനപ്രതിനിധികളാണുള്ളത്. ഇതില്‍ 300 പേരെ ഏകാംഗ മണ്ഡലങ്ങളില്‍ നിന്ന് നേരിട്ട് തിരഞ്ഞെടുക്കുന്നു. ബാക്കി 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തതാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ മരണം കാരണം 299 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.

പ്രധാനമന്ത്രിയുടെ കാലാവധി നിശ്ചയിക്കുക, എക്‌സിക്യൂട്ടീവ് അധികാരങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പാര്‍ലമെന്ററി അധികാരം ഏകീകരിക്കുന്നത് തടയുന്നതിനുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ രാഷ്ട്രീയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഒരു ഹിതപരിശോധനയും (Referendum) ഇതോടൊപ്പം നടന്നു.

സിറ്റിസണ്‍ പാര്‍ട്ടിക്ക് വെറും 5 സീറ്റ്

ഹസീനയെ പുറത്താക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (NCP), മത്സരിച്ച 30 സീറ്റുകളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമാണ് വിജയിച്ചതെന്ന് പ്രാദേശിക ടിവി ചാനലുകളുടെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ‘ജെന്‍ സി’ (Gen Z) പ്രക്ഷോഭത്തിന് പിന്നാലെ, കുടുംബവാഴ്ചയ്ക്കും രണ്ട് പാര്‍ട്ടികള്‍ മാത്രമുള്ള രാഷ്ട്രീയ ആധിപത്യത്തിനും പകരമായി ഒരു മധ്യവര്‍ത്തി-പരിഷ്‌കരണവാദ ബദലായാണ് പാര്‍ട്ടി സ്വയം അവതരിപ്പിച്ചത്. എന്നാല്‍ തെരുവിലെ തങ്ങളുടെ ജനശക്തി വോട്ടുകളാക്കി മാറ്റുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് എന്‍സിപി ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പാര്‍ട്ടിയുടെ സ്ഥാപക ആശയങ്ങളെ തന്നെ തകര്‍ക്കുന്ന ഒന്നായാണ് വിമര്‍ശകര്‍ ഈ നീക്കത്തെ വിലയിരുത്തിയത്.

ബി.എന്‍.പി അധികാരത്തിലേക്ക് എത്തിയാല്‍ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും തൊഴില്‍രഹിതര്‍ക്കും പണം, യുവാക്കള്‍ക്ക് ജോലി, നദീജല തര്‍ക്കങ്ങളിലെ പരിഹാരം എന്നീ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി നല്‍കിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശ് ജനങ്ങള്‍ക്ക് നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമ്പൂര്‍ണമായ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ബി.എന്‍.പി വക്താവ് ബി.ബി.സിയോട് പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി വക്താവ് മാഹ്ദി അമിന്‍ പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിസ്ഥാപകനും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടര്‍ന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശില്‍ തിരികെയെത്തിയത്. അതേസമയം, ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

അഭിനന്ദിച്ച് മോദി

ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ (ആചജ) മികച്ച വിജയത്തിലേക്ക് നയിച്ച താരീഖ് റഹ്‌മാനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നിര്‍ണ്ണായക വിജയത്തിലേക്ക് നയിച്ച താരീഖ് റഹ്‌മാന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,’ മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഈ വിജയം നിങ്ങളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.