15
Feb 2026
Sat
15 Feb 2026 Sat

അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്ന ക്രിമിനല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് യുഎസ് ഭരണകൂടം. അറസ്റ്റ് ചെയ്തവരില്‍ വിവിധ രാജ്യക്കാരുണ്ടെങ്കിലും, പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം 89 ഇന്ത്യന്‍ പൗരന്മാരും ‘ഏറ്റവും അപകടകാരികളായ കുടിയേറ്റക്കാര്‍’ എന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അറസ്റ്റുകളുടെ വിശദാംശങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാര്‍ ഗാര്‍ഹിക പീഡനം, മയക്കുമരുന്ന് കള്ളക്കടത്ത്,
ലൈംഗികാതിക്രമം, വഞ്ചന, കവര്‍ച്ച, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ഈ അറസ്റ്റുകള്‍ ഒറ്റപ്പെട്ട നടപടിയല്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു. അറസ്റ്റിലായവരുടെ വിശദ വിവരങ്ങള്‍ WOW.DHS.GOV എന്ന ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
25,000-ത്തിലധികം ക്രിമിനല്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തിയ ഡാറ്റാബേസാണ് ഇപ്പോള്‍ പ്രവര്‍ത്തനത്തിലിരിക്കുന്നത്, ഇതില്‍ ആദ്യഘട്ടമായി 5,000 പേരുടെ വിവരങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടത്തോടെ നാടുകടത്തലാണ് അടുത്ത ഘട്ടമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ നിയമപരമായി താമസിക്കാന്‍ അര്‍ഹതയില്ലാത്തവരെ ഉപയോഗിച്ച് സമൂഹങ്ങളെ അപകടത്തിലാക്കാന്‍ അനുവദിക്കില്ല എന്ന കടുത്ത മുന്നറിയിപ്പും ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഔദ്യോഗിക പ്രതികരണത്തിലുണ്ട്.

ഇതിനിടെയാണ് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 2025-ല്‍ മാത്രം 3,800-ലധികം ഇന്ത്യന്‍ പൗരന്മാരെയാണ് യുഎസ് തിരിച്ചയച്ചത്. വിവിധ കോണ്‍സുലേറ്റുകള്‍ വഴിയാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാടുകടത്തല്‍ നടപടികളില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന മോശം പെരുമാറ്റത്തെക്കുറിച്ച് അമേരിക്കന്‍ അധികൃതരോട് ഔദ്യോഗികമായി ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുന്ന സംഭവങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചതായും മന്ത്രി വ്യക്തമാക്കി.
1983ലെ ഇമിഗ്രേഷന്‍ നിയമപ്രകാരം ലൈസന്‍സില്ലാതെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല

അതേസമയം, അനധികൃത കുടിയേറ്റത്തിന് പിന്നിലെ മനുഷ്യക്കടത്ത് ശൃംഖലകള്‍ക്കും ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും എതിരെ കര്‍ശന നടപടി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ ജോലിവാഗ്ദാനങ്ങളിലൂടെ വിദേശത്തേക്ക് പോകുന്ന പ്രവണത തടയാന്‍ ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
2025 ഡിസംബര്‍ വരെ 3,505 രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികളെ ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ട്രക്ക് ഡ്രൈവര്‍മാരെ പുതിയ വിസ അല്ലെങ്കില്‍ ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ ബാധിക്കുമോ എന്ന ചോദ്യത്തിന്, അത്തരം വിവരങ്ങള്‍ ലഭ്യമല്ലെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു