ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായികിന് ബംഗ്ലാദേശ് സന്ദര്‍ശനത്തിന് താല്‍ക്കാലിക വിലക്ക്. ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക്.
|
നവംബര്‍ 28-നും 29-നും നടക്കുന്ന രണ്ട് ദിവസത്തെ മതപരമായ പരിപാടിയില്‍ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ധക്കയില്‍ നടന്ന ആഭ്യന്തര മന്ത്രാലയ യോഗത്തിലാണ് തീരുമാനം.
നായിക്കിന്റെ സാന്നിധ്യം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും വിപുലമായ സുരക്ഷാ വിന്യാസം ആവശ്യമായി വരികയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഇത് പ്രയാസം സൃഷ്ടിക്കും.
സുരക്ഷാപരവും ലോജിസ്റ്റിക്കല്‍ വെല്ലുവിളികളും, ഭരണപരമായ കാരണങ്ങളുമാണ് താല്‍ക്കാലിക വിലക്കിന് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അദ്ദേഹത്തിന് സന്ദര്‍ശനനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.





