ക്രിക്കറ്റ് കളിക്കുന്നതിനിടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഝാന്‍സിയിലെ സിപ്രി ബസാര്‍ പ്രദേശത്തെ നല്‍ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിര്‍വാര്‍(30) ആണ് മരിച്ചത്. ഒരു സൗഹൃദ മത്സരത്തില്‍ പന്തെറിയുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു.
|
ആഴ്ച്ചകള്‍ക്ക് ശേഷമാണ് രവീന്ദ്ര ഗവണ്‍മെന്റ് ഇന്റര്‍ കോളേജ് (ജിഐസി) ഗ്രൗണ്ടില്‍ കളിക്കാനെത്തിയത്. സഹകളിക്കാര്‍ ഉടന്‍ തന്നെ മഹറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും, ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
‘അദ്ദേഹം വളരെ സന്തോഷവാനും തികഞ്ഞ ആരോഗ്യവാനുമായിരുന്നു. ഇന്ന് രാവിലെ, ഒരുപാട് കാലത്തിന് ശേഷം അദ്ദേഹം നേരത്തെ എഴുന്നേല്‍ക്കുകയും അച്ഛനോടൊപ്പം ചായ കുടിക്കുകയും ചെയ്തു. അച്ഛനോട് യാത്ര പറഞ്ഞ് ക്രിക്കറ്റ് കളിക്കാനായി ജിഐസി ഗ്രൗണ്ടിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി ഞങ്ങള്‍ അറിഞ്ഞത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു,’ രവീന്ദ്രയുടെ അനുജന്‍ അരവിന്ദ് അഹിര്‍വാര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
മൂന്ന് സഹോദരങ്ങളില്‍ രണ്ടാമനായ രവീന്ദ്ര, രണ്ട് വര്‍ഷം മുമ്പാണ് എല്‍ഐസിയില്‍ ഡെവലപ്മെന്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.
അദ്ദേഹം ഏതാനും ഓവറുകള്‍ പന്തെറിഞ്ഞ ശേഷം വെള്ളം കുടിക്കാന്‍ നിര്‍ത്തുകയായിരുന്നു. കുടിച്ച ഉടന്‍ തന്നെ ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. നിര്‍ജ്ജലീകരണം ആയിരിക്കാമെന്നാണ് സഹകളിക്കാര്‍ ആദ്യം കരുതിയത്. എന്നാല്‍, ്പ്രതികരിക്കാതിരുന്നതോടെയാണ് അപകടം ബോധ്യമായത്.
ഹൃദയാഘാതമെന്നാണ് പ്രാഥമക നിഗമനം. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയൂ എന്ന് മഹറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിന്‍ മഹോര്‍ പറഞ്ഞു.


