28
Jul 2024
Mon
28 Jul 2024 Mon
Bhojshala-Kamal Mosque Row

ഭോപ്പാല്‍: മധ്യപ്രദേശ് ഭോജ്ശാല കമാല്‍ മൗല മസ്ജിദ് നേരത്തേയുണ്ടായിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് പുരാവസ്തു വകുപ്പ്. (Bhojshala-Kamal Mosque Row | ‘Existing Structure Built From Temple Remains’: ASI Submits Survey Report )  ഹിന്ദു ആരാധനാലയവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ മസ്ജിദില്‍ നിന്ന് കിട്ടിയതായി മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് ഈ മാസം 22നു കോടതി പരിഗണിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമാല്‍ മൗല മസ്ജിദില്‍ എ.എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട സര്‍വേ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് 2,000ത്തിലേറെ പേജുള്ള റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനു മുന്‍പാകെ എ.എസ്.ഐ കൗണ്‍സല്‍ ഹിമാന്‍ഷു ജോഷി സമര്‍പ്പിച്ചത്.

പരമാര രാജകുടുംബ കാലത്തേത്(1094-1133 എഡി) ഉള്‍പ്പെടെയുള്ള കെട്ടിട ഭാഗങ്ങള്‍ മസ്ജിദിന് അകത്തു നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റിപോര്‍ട്ട് അവകാശപ്പെടുന്നു. മസ്ജിദിന്റെ തൂണുകള്‍ അലങ്കരിച്ചിട്ടുള്ള ചിത്രങ്ങളും കൊത്തുപണികളും അവ പഴയ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണെന്ന് തെളിയിക്കുന്നു. മസ്ജിദിന് ആകെ 106 തൂണുകളും ചതുര സ്തംഭങ്ങളുമുണ്ടെന്ന് എഎസ്‌ഐ അറിയിച്ചു. തൂണുകളിലും മറ്റ് ഭാഗങ്ങളിലുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ട്. സംസ്‌കൃതത്തിലും പ്രാകൃത ഭാഷകളിലുമുള്ള നിരവധി എഴുത്തുകള്‍ മസ്ജിദിന്റെ പല ഭാഗത്തുമുണ്ടെന്നും റിപോര്‍ട്ട് അവകാശപ്പെടുന്നു.
Bhojshala ASI Submits Survey Report

ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ മാര്‍ച്ച് 11ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജൂലൈ 15നകം പൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി എ.എസ്.ഐയോട് നിര്‍ദേശിച്ചിരുന്നു.

ഭോജ്ശാലയില്‍ ദിവസവും പൂജ നടത്തുന്നത് 2003ല്‍ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ടായിരുന്നു. ഭോജ്ശാല നിലവില്‍ എ.എസ്.ഐ മേല്‍നോട്ടത്തിലാണുള്ളത്.

11ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. വാഗ്‌ദേവി സരസ്വതിയുടെ ക്ഷേത്രമാണിതെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. അതേസമയം, ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.
Bhojshala temple

സരസ്വതി ദേവിയുടെ വിഗ്രഹം ലണ്ടന്‍ മ്യൂസിയത്തില്‍നിന്നു കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹിന്ദു വിഭാഗം ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എ.ഡി 1034ല്‍ അന്നത്തെ ധാര്‍ ഭരണാധികാരി ഭോജ്ശാലയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം 1857ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്കു കടത്തുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ധാറിലെ ഖാദി വഖാര്‍ സാദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഭോജ്ശാലയിലെ എ.എസ്.ഐ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. സമുച്ചയത്തിന്റെ സ്വഭാവം മാറ്റുന്ന തരത്തിലുള്ള ഖനനം നടത്തരുതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചെങ്കിലും സര്‍വേ നടപടികള്‍ തടഞ്ഞില്ല.