22
Feb 2026
Sun
22 Feb 2026 Sun
Bhupen Borah joins BJP

Bhupen Borah joins BJP അസം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക പാര്‍ട്ടി പ്രവേശനം. ഭൂപന്‍ ബോറയ്‌ക്കൊപ്പം മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഞ്ജു ബോറയും ബിജെപിയില്‍ ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ആഴ്ചയാണ് ഭൂപന്‍ ബോറ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കുകയും രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം സമയം ചോദിച്ചിരുന്നെങ്കിലും, തൊട്ടടുത്ത ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഭൂപന്‍ ബോറയുടെ വസതി സന്ദര്‍ശിക്കുകയും ഫെബ്രുവരി 22-ന് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഭൂപന്‍ ബോറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: ’32 വര്‍ഷം വേഴ്‌സസ് 32 മണിക്കൂര്‍ വ്യത്യാസം പ്രകടമാണ്.”

1990കളുടെ തുടക്കത്തില്‍ ഒരേ കാലഘട്ടത്തിലാണ് ഹിമന്തയും ബോറയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2015ല്‍ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ALSO READ: ‘ദി കേരള സ്റ്റോറി 2’: വെറും പരിഹാസം കൊണ്ട് നേരിടാവുന്നതല്ല ഈ വിദ്വേഷ പ്രചാരണം

32 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം

32 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ശേഷമാണ് ബോറ പാര്‍ട്ടി വിടുന്നത്. 2021നും 2025നും ഇടയില്‍ ബോറ കോണ്‍ഗ്രസിന്റെ അസം പ്രസിഡന്റായിരുന്നു. ജൂണില്‍ ഗൗരവ് ഗൊഗോയ് അദേഹത്തിന് പകരക്കാരനായി നിയമിതനായി.

റൈജോര്‍ ഡോള്‍, അസം ജാതിയോ പരിഷത്ത്, ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ്, കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) തുടങ്ങിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബിജെപിക്കെതിരായ സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ബോറയെ ദിവസങ്ങള്‍ക്ക് മുമ്പാണ് ചുമതലപ്പെടുത്തിയത്.

കോണ്‍ഗ്രസിന്റെ പ്രതികരണം

ഭൂപന്‍ ബോറയുടെ പിന്മാറ്റം പാര്‍ട്ടിയുടെ വിജയസാധ്യതകളെ ബാധിക്കില്ലെന്ന് അസം പിസിസി അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. ”കോണ്‍ഗ്രസ് ഒരു സമുദ്രം പോലെയാണ്; നമ്മളൊക്കെ അതിലെ വെറും ജലത്തുള്ളികള്‍ മാത്രമാണ്. നമ്മുടെ പിതാമഹന്മാര്‍ക്കും മുന്‍പേ ഉണ്ടായ പാര്‍ട്ടിയാണിത്. ഭൂപന്‍ ബോറ പോയതുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കില്ല,” അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചുവരവിനായി കോണ്‍ഗ്രസും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ പിസിസി അധ്യക്ഷന്‍ തന്നെ കളംമാറിയത് കോണ്‍ഗ്രസിന് വലിയ ആഘാതമായി മാറിയിരിക്കുകയാണ്.