25
Feb 2026
Sat
25 Feb 2026 Sat
groom to be arrested for sexual abuse over bride to be s complaint

അഹമ്മദാബാദ്: സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്കും ഇനി രജിസ്‌ട്രേഷന്‍ നടത്തണമെങ്കില്‍ മാതാപിതാക്കളുടെ പങ്കാളിത്തം നിര്‍ബന്ധമാക്കുന്ന വിധത്തിലാണ് നിയമം പരിഷ്‌കരിക്കുന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്വി വെള്ളിയാഴ്ച നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക തട്ടിപ്പുകള്‍ തടയാനും ‘ലവ് മാരേജ്’ എന്ന പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാനുമാണ് 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്നാണ് അവകാശവാദം. എന്നാല്‍, ഹിന്ദു-മുസ്ലിം പ്രണയ വിവാഹങ്ങള്‍ തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നു. യഥാര്‍ത്ഥ പ്രണയവിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ വഞ്ചനയും ഐഡന്റിറ്റി മറച്ചുവെച്ചുള്ള വിവാഹങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘സലീം സുരേഷായി വേഷമിട്ട് പെണ്‍കുട്ടികളെ കുടുക്കിയാല്‍ ഞങ്ങള്‍ വെറുതെ വിടില്ല,’ അദ്ദേഹം സഭയില്‍ പറഞ്ഞു.

ALSO READ: മകനെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വെടിയേറ്റ് മരിച്ചു; നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ; മുസ്ലിം വിദ്വേഷമെന്ന് ബന്ധുക്കള്‍

നിര്‍ദ്ദിഷ്ട നിയമത്തിലെ പ്രധാന മാറ്റങ്ങള്‍

മാതാപിതാക്കളുടെ അറിവ്: വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയോടൊപ്പം, വിവാഹക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

വിവരങ്ങള്‍ കൈമാറല്‍: അപേക്ഷ ലഭിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ വധൂവരന്മാരുടെ മാതാപിതാക്കളെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഔദ്യോഗികമായി വിവരം അറിയിക്കും.

രജിസ്‌ട്രേഷന്‍ കാലാവധി: അപേക്ഷ നല്‍കി 40 ദിവസത്തിന് ശേഷം മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. വെരിഫിക്കേഷനും ആക്ഷേപങ്ങള്‍ അറിയിക്കാനും സമയം നല്‍കുന്നതിനാണ് ഈ കാലതാമസം.

രേഖകള്‍: ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ വധൂവരന്മാരുടെ ഫോട്ടോകളും വിവാഹ ക്ഷണക്കത്തും (ലഭ്യമാണെങ്കില്‍) ഹാജരാക്കണം.

സാക്ഷികള്‍: ഇരുപക്ഷത്തുനിന്നുമുള്ള സാക്ഷികളുടെ ആധാര്‍ വിവരങ്ങളും ഫോട്ടോയും നിര്‍ബന്ധമാണ്.

നിലവില്‍ ഗുജറാത്തില്‍ നിലവിലുള്ള നിയമപ്രകാരം മാതാപിതാക്കളെ അറിയിക്കാതെ തന്നെ ഒളിച്ചോടിപ്പോകുന്നവര്‍ക്ക് എളുപ്പത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍, വിവാഹ രജിസ്‌ട്രേഷനില്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറും.

ALSO READ: ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരേ പൊരുതി ശ്രദ്ധേയനായ വിനോദ് ജാഖര്‍ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ്

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

സര്‍ക്കാരിന്റെ ഈ നീക്കത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബനസ്‌കാന്ത എംപിയുമായ ഗെനിബെന്‍ താക്കൂര്‍ സ്വാഗതം ചെയ്തു. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി കര്‍ശനമായ നിയമങ്ങള്‍ വേണമെന്നും അവര്‍ പറഞ്ഞു.

‘ലവ് ജിഹാദ്’ പശ്ചാത്തലം

സംസ്ഥാനത്ത് ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ധിക്കുന്നതിലും വ്യാജ വിവാഹങ്ങളിലൂടെ സ്വത്ത് തട്ടിയെടുക്കുന്നതിലും മന്ത്രി ആശങ്ക രേഖപ്പെടുത്തി. അന്യമതസ്ഥരുടെ വിവാഹങ്ങള്‍ക്കും സിവില്‍ വിവാഹങ്ങള്‍ക്കും ബാധകമായ 1954-ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് നിലവിലുണ്ടെങ്കിലും, ഗുജറാത്ത് സ്‌പെസിഫിക് നിയമത്തിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്.

കരട് നിയമത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെയും വിവിധ സമുദായങ്ങളുടെയും പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷമാകും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.