17
Feb 2026
Tue
17 Feb 2026 Tue
bigtv 24x7 Live

മലയാളത്തിലെ വാര്‍ത്താ ചാനലുകളെ സംബന്ധിച്ച് സംഭവബഹുലമായ ദിവസങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന ബിഗ് ടിവി ഇതിനകം തന്നെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമെന്ന് പറയാവുന്ന വാര്‍ത്താ അവതാരകയായ സുജയ പാര്‍വ്വതി അടക്കമുളളവരെയാണ് ബിഗ് ടിവി റാഞ്ചിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, റേറ്റിങ് മല്‍സരത്തില്‍ മുന്നിലെത്താനുള്ള മല്‍സരത്തിനിടെ ബിഗ് ടിവി നടത്തിയ ഒരു ഉഡായിപ്പ് കൈയോടെ പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ ഒറ്റയടിക്ക് വലിയ ഫോളോവേഴ്‌സ് ആയി എന്ന് കാണിക്കാന്‍ 1.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള കഥാരിസ് എന്ന സിനിമാ പേജ് വിലയ്ക്ക് വാങ്ങുകയാണ് ഉടമകള്‍ ചെയ്തത്.

ഇത്തരം സംഭവങ്ങള്‍ ഒരു അപൂര്‍വ്വതയല്ല. പല വമ്പന്‍ കമ്പനികളും ഇത് മുമ്പ് ചെയ്തിട്ടുമുണ്ട്. എന്നാല്‍, അവര്‍ പേജ് പേരൊക്കെ മാറ്റി പുതുക്കും മുമ്പ് അതിലുള്ള പഴയ കണ്ടന്റ് ഒക്കെ മാറ്റി സെറ്റ് ആക്കി എടുക്കും. എന്നാല്‍, ഇക്കാര്യം വൃത്തിയായി ചെയ്യാന്‍ വിട്ടുപോയതാണ് ബിഗ് ടിവിക്ക് പണിയായത്.

ALSO READ: 2026ലെ റമദാന്‍ എപ്പോഴാണ്? മാസപ്പിറവി എങ്ങനെയാണ് ദര്‍ശിക്കുന്നത്?

2016 ല്‍ സൗത്ത് ആക്ടേഴ്‌സ് എന്ന പേരില്‍ തുടങ്ങിയതാണ് കഥാരിസ് എന്ന പേജ്. അക്കാലത്ത് നടിമാരുടെ അര്‍ധ നഗ്ന ഫോട്ടോകള്‍ ഇട്ടാണ് പേജിലേക്ക് ആളെ കൂട്ടിയിരുന്നത്. ഈ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാതെയാണ് പേജ് വാങ്ങിയ ചാനല്‍ ഉടമകള്‍ ബിഗ് ടിവി എന്ന് പേര് മാറ്റിയത്. അപ്പോഴേക്കും മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പേജിന്റെ ഹിസ്റ്ററിയും പഴയ പോസ്റ്റുകളുമൊക്കെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പറത്തി.

ബിഗ് ടിവി ആര്‍ക്കൊക്കെ പണിയാവും

ബിഗ് ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ റേറ്റിംഗില്‍ ആരെയൊക്കെ വീഴ്ത്തും എന്നത് കണ്ടറിയണം. അതിനിടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ആഴ്ചയിലെ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നിട്ടുണ്ട്. പ്രമുഖര്‍ ബിഗ് ടിവിയിലേക്ക് പോയത് ഏതൊക്കെ ചാനലുകളെ ആണ് ദോഷകരമായി ബാധിച്ചിട്ടുളളത്?

ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗിലും ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് മറ്റാര്‍ക്കും തന്നെ വിട്ട് കൊടുത്തിട്ടില്ല. 90 പോയിന്റുകളോടെ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. മുന്‍നിര അവതാരകരെയൊന്നും ഏഷ്യാനെറ്റ് ന്യൂസിന് നഷ്ടപ്പെട്ടിട്ടില്ല. അതേസമയം കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന ജോഷി കുര്യന്‍ ബിഗ് ടിവിയിലേക്ക് പോയിട്ടുണ്ട്.

അവതാരകരും റിപ്പോര്‍ട്ടര്‍മാരും അടക്കം വലിയൊരു വിഭാഗത്തെ ബിഗ് ടിവി കൊണ്ട് പോയിട്ടും റിപ്പോര്‍ട്ടര്‍ ടിവി റേറ്റിംഗില്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് തന്നെ റിപ്പോര്‍ട്ടര്‍ ഈ ആഴ്ചയിലും തുടരുന്നു.73 പോയിന്റുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്കുളളത്. കഴിഞ്ഞ ആഴ്ചയിലേത് പോലെ തന്നെ പോയിന്റ് നിലയില്‍ ഏഷ്യാനെറ്റിനോ റിപ്പോര്‍ട്ടറിനോ അടുത്ത് എത്താന്‍ മൂന്നാമതുളള ട്വന്റി ഫോര്‍ ന്യൂസിന് സാധിച്ചിട്ടില്ല. 48 പോയിന്റ് മാത്രമാണ് ട്വന്റി ഫോറിനുളളത്.

മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ന്യൂസ് മലയാളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരട്ടമാണ് റേറ്റിംഗ് പട്ടികയില്‍ നടക്കുന്നത്. ഒന്നോ രണ്ടോ പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഈ മൂന്ന് ചാനലുകള്‍ക്കുമിടയിലുളളത്. മനോരമ ന്യൂസ് 31 പോയിന്റുകളുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. മാതൃഭൂമി ന്യൂസിനാകട്ടെ മനോരമയേക്കാള്‍ 1 പോയിന്റിന്റെ കുറവ് മാത്രമാണ് ഉളളത്.

30 പോയിന്റ് നേടിയാണ് മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റിംഗില്‍ മനോരമയ്ക്കും മാതൃഭൂമിക്കും ശക്തമായ വെല്ലുവിളിയാണ് താരതമ്യേനെ പുതിയ ചാനലായ ന്യൂസ് മലയാളം ഉയര്‍ത്തുന്നത്. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളത്തിന് 28 പോയിന്റുകളുണ്ട്. അതേസമയം ജനം ടിവി ഈ ആഴ്ച കാര്യമായ മുന്നേറ്റം റേറ്റിംഗില്‍ ഉണ്ടാക്കിയിട്ടുണ്ട്. 24 പോയിന്റാണ് ഏഴാം സ്ഥാനത്തുളള ജനം ടിവിക്കുളളത്. 16 പോയിന്റുമായി കൈരളി ടിവി എട്ടാം സ്ഥാനത്തും 11 പോയിന്റുമായി ന്യൂസ് 18 കേരളം ഒന്‍പതാം സ്ഥാനത്തും തുടരുന്നു.