18
Jul 2023
Sun
18 Jul 2023 Sun

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തം; രാജിവയ്ക്കില്ലെന്ന് ബിരേന്‍ സിങ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മണിപ്പൂരിലെ വംശീയകലാപം രണ്ടരമാസം പിന്നിട്ടിട്ടും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെയ്തി വിഭാഗവും കുക്കി ഗോത്ര വിഭാഗവും തമ്മിലുള്ള വംശീയ കലാപമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഇതില്‍ മെയ്തികള്‍ക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതാണ് കലാപം ആളിക്കത്താനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. മാത്രമല്ല കുക്കി വിഭാഗത്തോടുള്ള വിദ്വേഷം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ബിരേന്‍ സിങ്ങിന്റെ ട്വീറ്റുകളും പ്രസ്താവനകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കലാപം രൂക്ഷമാകാന്‍ കാരണം ബിരേന്‍ സാങ്ങാണ് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിരേന്‍ സിങ്. തന്നെ കണ്ട എംഎല്‍എമാരെയാണ് ബിരേന്‍ സിംഗ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും താന്‍ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും ബീരേന്‍ സിംഗ് അറിയിച്ചു.

മണിപ്പൂരില്‍ അരങ്ങേറുന്ന ആക്രമണങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിള്‍സ് ഫ്രണ്ട് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ലോര്‍ഹോ പിഫോസ് പറഞ്ഞു. യഥാസമയം എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും പിഫോസ് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം വീഡിയോകളില്‍ പിഫോസ് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രാജി വെക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പറഞ്ഞു. കലാപം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തത് എന്നും ബൃന്ദ കാരാട്ട് ചോദിച്ചു. പ്രധാനമന്ത്രിയും ബിജെപിയും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നു. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും ബിജെപി നിലനില്‍ക്കുന്നത് തന്നെ അത്തരം രാഷ്ട്രീയത്തിലാണെന്നും ബൃന്ദ കാരാട്ട് തുറന്നടിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക