ആഡംബര ജീവിതവും വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണമാലയും വാങ്ങുന്നതിനായി സ്വന്തം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.2 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം.
|
കുഞ്ഞിനെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പൊലീസ്, 550 കിലോമീറ്ററിലധികം അകലെ ഹൈദരാബാദിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ പലരായി കൈമാറി നാല് തവണ വരെ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഛത്രപതി സംഭാജിനഗറിലെ മുകുന്ദ്വാഡി പ്രദേശത്ത് ലിവ്-ഇൻ ബന്ധത്തിലായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. ആഡംബര ജീവിതത്തിനായി കുഞ്ഞിനെ ഇടനിലക്കാരിയായ സീമ രേഷ്വാളിന് 1.2 ലക്ഷം രൂപയ്ക്ക് കൈമാറുകയായിരുന്നു. സീമ പിന്നീട് കുഞ്ഞിനെ പഡേഗാവ് സ്വദേശിനിയായ സംഗീത അവാഡിന് 2.7 ലക്ഷം രൂപയ്ക്ക് വിറ്റു.
തുടർന്ന് സംഗീത കുഞ്ഞിനെ സുരേഷ് ഗുണ്ടുക എന്ന വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്ക്ക് കൈമാറി. ഇയാൾ കുഞ്ഞിനെ ഹൈദരാബാദിൽ താമസിക്കുന്ന ബന്ധുവായ ഉമ ഖട്കമിന് കൈമാറുകയായിരുന്നു.
സെപ്റ്റംബർ 20ന് കുഞ്ഞിന്റെ അമ്മ തന്നെ മർദിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കൾ വിറ്റതായി കണ്ടെത്തിയത്.
കുഞ്ഞിനെ ഹൈദരാബാദിൽ നിന്ന് പൊലീസ് സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ മഹാരാഷ്ട്രയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കൾ, ഇടനിലക്കാരായ സീമ രേഷ്വാൾ, സംഗീത അവാഡ്, സുരേഷ് ഗുണ്ടുക എന്നിവർ ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.
കുഞ്ഞിനെ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് മാതാപിതാക്കൾ വാങ്ങിയ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണമാലയും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ഇടനിലക്കാർക്കും വ്യാജ ഡോക്ടർക്കും സമാനമായ രീതിയിൽ മറ്റ് കുട്ടികളെയും വിൽപ്പന നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ:പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ യുവാവ് കുത്തിക്കൊന്നു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



