ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഓരോ ദിവസവും പുതിയ വാര്‍ത്തകള്‍ പുറത്തുവരികയാണ്. (BJP-RSS ‘Link’, Alleged Scam in MP: RTI Findings on NTA Chairman Pradeep Joshi) ചോദ്യ ചോര്‍ച്ചയ്ക്ക് പുറമേ മാര്‍ക്ക് ദാനം, ആള്‍മാറാട്ടം തുടങ്ങി നിരവധി ആരോപണങ്ങളാണ് പുറത്തുവരുന്നത്. നീറ്റ് പരീക്ഷാ നടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജന്‍സി(എന്‍ടിഎ) നടത്തുന്ന നിരവധി പരീക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് മാറ്റിവയ്ക്കുകയും വീണ്ടും നടത്തുകയും ചെയ്തത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് കേന്ദ്രീകരിച്ചാണ് നീറ്റ് പരീക്ഷയില്‍ പല തട്ടിപ്പുകളും നടന്നതെന്ന വിവരവും ഇതിനകം വെളിച്ചത്തു വന്നിട്ടുണ്ട്.
|
എന്നാല്‍, എന്‍ടിഎ ചെയര്‍പേഴ്‌സണ്‍ പ്രദീപ് കുമാര്‍ ജോഷിയുടെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന ശ്രദ്ധേയമായ വാര്‍ത്ത. 2006ല്‍ പ്രദീപ് കുമാര്‍ ജോഷിയെ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍(എംപിപിഎസ് സി) ചെയര്‍മാനായി നിയമിച്ചത് ആര്‍എസ്എസ് ശുപാര്‍ശ പ്രകാരമാണെന്ന വിവരമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ആക്ടിവിസ്റ്റ് അജയ് ദുബേക്ക് വിവരാവകാശ പ്രകാരം ലഭിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ജോഷിയുടെ ഭരണകാലത്ത് മധ്യപ്രദേശിലെ പ്രൊഫസര്‍മാരുടെ നിയമനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്ന വിവരവും ദുബേ പുറത്തുവിട്ടിട്ടുണ്ട്.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട എന്‍ടിഎയുടെ ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങിനെ ജൂണ്‍ 22ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, എന്‍ടിഎയില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നത് ജോഷിയാണ്. ഡയറക്ടര്‍ ജനറലാണ് ദൈനംദിന കാര്യങ്ങള്‍ നോക്കുന്നതെങ്കിലും ചെയര്‍പേഴ്‌സണ്‍ ആണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍, ജോഷി ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്.
ജോഷിയെ എംപിപിഎസ്‌സി മേധാവിയായി നിയമിക്കുന്ന സമയത്ത് പോലിസ് നല്‍കിയ ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ അദ്ദേഹം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി എന്നിവരുടെ അടുത്തയാളാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2006 ജൂണ്‍ 8ന് സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഐജി എകെ സോണിയാണ് ഒപ്പുവച്ചിട്ടുള്ളത്. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സെക്രട്ടറി ഇഖ്ബാല്‍ സിങ് ബൈന്‍സിന് അയച്ച പോലീസ് ക്ലിയറന്‍സ് റിപോര്‍ട്ടിലാണ് ഈ വിവരം. ജോഷിയെ റെക്കമെന്റ് ചെയ്ത് കൊണ്ട് സംഘ് പ്രചാരക് വിനോദ്ജി മുഖ്യമന്ത്രിക്ക് എഴുതിയ റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. എബിവിപിയുടെ നേതാവായിരുന്നു ജോഷിയെന്ന് അതില്‍ പറയുന്നു. സംഘപരിവാരത്തിന്റെ ശുപാര്‍ശയിലാണ് 2006 ജൂണില്‍ ജോഷിയെ എംപിപിഎസ്‌സി മേധാവിയായി നിയമിച്ചതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
ജോഷിയുടെ ഭരണകാലത്ത് 2009ല്‍ നടന്ന മധ്യപ്രദേശിലെ പ്രൊഫസര്‍മാരുടെ നിയമനത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായും റിപോര്‍ട്ടില്‍ പറയുന്നു. 385 പ്രൊഫസര്‍മാരെ നിയമിച്ചതില്‍ 89 പേര്‍ക്ക് ആവശ്യമായ യോഗ്യതകളുണ്ടായിരുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി ദുബേ പറയുന്നു. ആ സമയത്ത് നിയമിതരായ പ്രൊഫസര്‍മാരില്‍ പലരും ഇന്ന് സംസ്ഥാന സര്‍ക്കാരിലും യൂനിവേഴ്‌സിറ്റികളിലും ഉന്നത പദവികള്‍ വഹിക്കുന്നുണ്ട്.
2011 വരെ എംപിപിഎസ്‌സി മേധാവിയായി തുടര്‍ന്ന ജോഷി 2015 വരെ ചത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ തലപ്പത്ത് ആയിരുന്നു. 2015 മേയിലാണ് യുപിഎസ്‌സി അംഗമാവുന്നത്. 2020 ആഗസ്തിലാണ് അതിന്റെ ചെയര്‍പേഴ്‌സനായി സ്ഥാനക്കയറ്റം ലഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





