പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കുന്നതിനായി സ്വന്തം തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത 40കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.കർണാടകയിലെ ഹാസനിൽ ആണ് സംഭവം.
|
മനീഷ് എന്നയാളാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അറിയിച്ചു.62കാരനായ പിതാവ് മനോഹർ പട്ടേലിനെയാണ് പണം ആവശ്യപ്പെട്ട് പ്രതികൾ ലക്ഷ്യമിട്ടത്. പണവുമായി ബന്ധപ്പെട്ട ഇടപാടിനായി ഗദഗ് ജില്ലയിലേക്ക് ട്രെയിനിൽ പോകുകയാണെന്നും അടുത്ത ദിവസം വിളിക്കാമെന്നും മനീഷ് പിതാവിനോട് പറഞ്ഞിരുന്നു.
പിറ്റേന്ന് മനീഷിന്റെ നമ്പറിൽ നിന്ന് പിതാവിന് വാട്സ്ആപ്പ് കോൾ ലഭിച്ചു. മനീഷിനെ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 90 ലക്ഷം രൂപ നൽകണമെന്നും രണ്ട് പേർ ആവശ്യപ്പെട്ടു. പരിഭ്രാന്തനായ പിതാവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് മനീഷിന്റെ മൊബൈൽ ഫോൺ പിന്തുടരാൻ തുടങ്ങി.
ഫോൺ ആദ്യം സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് പിതാവിന് വീണ്ടും കോൾ ലഭിച്ചു. മോചനദ്രവ്യം തയ്യാറാക്കിയോയെന്ന് ചോദിച്ചായിരുന്നു കോൾ.ഈ നമ്പറിന്റെ ലൊക്കേഷൻ ഹാസൻ മേഖലയിൽ കണ്ടെത്തിയ പൊലീസ്, അത് ഒരു മുറിയിലേക്ക് ട്രേസ് ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് മനീഷ് മറ്റ് രണ്ട് പേരോടൊപ്പം സുഖമായി ഉറങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, പിതാവിൽ നിന്ന് പണം വാങ്ങുന്നതിനായി മനീഷ് സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മറ്റൊരു ബിസിനസ് ഇടപാടിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കടം തിരിച്ചടയ്ക്കാനായിരുന്നു പണം ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ALSO READ:ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്ത അമ്മയെ തലയ്ക്കടിച്ചു കൊന്ന് 17കാരൻ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





