ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്ത അമ്മയെ തലയ്ക്കടിച്ചു കൊന്ന് 17കാരൻ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ജന്മനാ ആൺകുട്ടിയായിരുന്ന 17കാരൻ താൻ പെൺകുട്ടിയാണെന്ന് വിശ്വസിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയും എന്നാൽ അമ്മ ഇതിനെ എതിർത്തതുമാണഅ കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
|
പ്രശ്നം പരിഹരിക്കാൻ കുടുംബം കൗൺസിലിങ് ഏർപ്പെടുത്തുകയും ഡോക്ടർമാരുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച ലഖ്‌നൗവിലെ വീട്ടിൽ അമ്മയെ കാണാനെത്തിയ 17കാരൻ കൈയിൽ റെഞ്ചുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പകരം മെഡിക്കൽ, മാനസിക കൗൺസിലിങ് തുടരണമെന്ന് അമ്മ വീണ്ടും ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൗമാരക്കാരൻ കൈയിൽ കരുതിയിരുന്ന റെഞ്ച് ഉപയോഗിച്ച് അമ്മയുടെ തലയ്ക്ക് നിരവധി തവണ അടിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം കൗമാരക്കാരൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. വിവരമറിഞ്ഞ് നാക ഹിന്ദോള പൊലീസ് സ്ഥലത്തെത്തി. ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയപ്പോൾ 17കാരനും അവിടെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ കുറ്റകൃത്യത്തിൽ തന്റെ പങ്ക് കൗമാരക്കാരൻ സമ്മതിച്ചതായും സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച റെഞ്ചും മറ്റ് തെളിവുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് മുമ്പ് തയ്യാറാക്കിയതായി കരുതുന്ന ചില വിവരങ്ങൾ കൗമാരക്കാരന്റെ ഡയറിയിൽനിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. റെഞ്ച്, മുളകുപൊടി, ചൂടുവെള്ളം എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഡയറിയിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, കൊലപാതകത്തിന് ശേഷമുള്ള നിയമനടപടികളെക്കുറിച്ച് അറിയാൻ കൗമാരക്കാരൻ ChatGPT ഉപയോഗിച്ചതായി ചോദ്യംചെയ്യലിൽ വ്യക്തമായതായി നാക ഹിന്ദോള പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിവേക് കുമാർ ചൗധരി NDTVയോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടികൾ, ലഭിക്കാവുന്ന ശിക്ഷ, എവിടെയാണ് കസ്റ്റഡിയിൽ പാർപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ChatGPT വഴി പരിശോധിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൗമാരക്കാരന്റെ ലിംഗപരമായ തിരിച്ചറിവ് അംഗീകരിക്കണമെന്ന ആവശ്യം കുടുംബത്തിൽ ദീർഘകാലമായി തർക്കത്തിന് കാരണമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. താൻ പെൺകുട്ടിയാണെന്ന തിരിച്ചറിവ് കൗമാരക്കാരൻ സ്വീകരിച്ചിരുന്നുവെന്നും മറ്റുള്ളവരും തന്നെ അതേ രീതിയിൽ അംഗീകരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൗമാരക്കാരൻ ഒറ്റയ്ക്ക് കഴിയാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ പോലും പലപ്പോഴും അസ്വസ്ഥതയുണ്ടാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പിതാവ് ലഖ്‌നൗവിൽ മകനായി പ്രത്യേകമായി ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. കുടുംബാംഗങ്ങൾ അവിടെ സന്ദർശിക്കരുതെന്ന നിബന്ധനയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകൻ തനിക്കൊപ്പം താമസിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.
ALSO READ: 98 കിലോയിൽ നിന്ന് 58 കിലോ ആയി ശരീര ഭാരം കുറച്ച ഖുശ്ബു സുന്ദറിന്റെ ജാപ്പനീസ് രഹസ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





