ബംഗളുരുവില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന്റെ തുറന്നിട്ട ഡോറില്‍ തട്ടി റോഡിലേക്ക് വീണ് ബിജെപി പ്രവര്‍ത്തകന്‍ എതിരേ വന്ന ബസ് കയറി മരിച്ചു. കേന്ദ്രമന്ത്രി ശോഭ കരന്ദ് ലജെയുടെ വാഹനത്തിന്റെ ഡ്രൈവറാണ് അശ്രദ്ധമായി ഡോര്‍ തുറന്നത്. ഈ സമയം പിന്നില്‍ നിന്നു വന്ന സ്‌കൂട്ടര്‍ യാത്രികനായ പ്രകാശ്(63) ഡോറില്‍ തട്ടിയ ശേഷം റോഡിലേക്കു തെറിച്ചുവീഴുകയും എതിരേവന്ന ബസ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. പ്രകാശ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.(bjp worker dies after scooter crashes in to union ministers car)
|
ബിജെപിയുടെ ബംഗളുരു നോര്‍ത്ത് സീറ്റിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നതായിരുന്നു കേന്ദ്രമന്ത്രി. സംഭവസമയം മന്ത്രി കാറിലുണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരേ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ താന്‍ റാലിയുടെ മുന്‍നിരയില്‍ ആയിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ കാറിന്റെ ഡോറിലിടിച്ച് റോഡിലേക്കു വീഴുകയും ബസ് കയറി മരിക്കുകയുമായിരുന്നെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പ്രകാശന്റെ മരണം അതീവദുഖകരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം അതിവേഗം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





