തിരുവനന്തപുരം: എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മൃതദേഹം കഴുത്തില്‍ കത്തി ഇറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാ(68)മിനെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ( Body of Minister AK Balan’s Private Secretary found in Well )
|
ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്‍.റാം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായിരുന്ന സമയത്താണ് 2006-2011 കാലയളവില്‍ മന്ത്രിയുടെ സ്റ്റാഫിലേക്കു നിയമിതനായത്. കെ.ജി.ഒ.എ. മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: അര്‍ജുന്‍, അനൂപ്.


