നെടുമ്പാശ്ശേരി വിമാനത്താവളത്തില് ബോംബ് ഭീഷണി; ഒരാള് പിടിയില്
28-Jul-2023
നെടുമ്പാശ്ശേരി: ലഗേജില് ബോംബുണ്ടെന്ന് ഭീതി പടര്ത്തിയ ആള് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില് പിടിയില്. തൃക്കാക്കര ഗ്രീന് ലാന്റ് വിന്റര്ഹോംസ് വില്ലയില് താമസിക്കുന്ന സാബു വര്ഗീസ് ആണ് പിടിയിലായത്. ഇയാള് പത്തനംതിട്ട മണ്ണംതുരുത്തി സ്വദേശിയാണ്. ദുബായിലേക്ക് യാത്ര തിരിക്കാനായി ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ ശേഷമായിരുന്നു ഇയാള് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. മറ്റൊരു യാത്രികന്റെ ലഗേജ് പരിശോധിക്കുന്നതിനിടയില് സ്പൈസ് ജെറ്റ് ജീവനക്കാരോട് അതിനുള്ളില് ബോംബ് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ഏപ്രില് മാസത്തില് അടുത്തടുത്ത ദിവസങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില് ബോംബ് വെച്ചിട്ടുള്ളതായി സന്ദേശം ലഭിച്ചിരുന്നു. ഏപ്രില് ഒന്പതിന് വിമാനത്താവളത്തില് ബോംബ് വെച്ചിട്ടുള്ളതായി ഇമെയില് സന്ദേശം ലഭിച്ചതോടെ പരിശോധന നടത്തി. എന്നാല് ഇമെയിലിലെ ഭീഷണിയെ സാധൂകരിക്കുന്ന ഒന്നും സുരക്ഷാ പരിശോധനയില് കണ്ടെത്തിയില്ല. പിറ്റേദിവസവും ഇതേ ഇമെയിലില് നിന്ന് തന്നെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 ബിറ്റ് കോയിന് നല്കണമെന്നും അല്ലെങ്കില് മനുഷ്യബോംബിനെ വിമാനത്താവളത്തിലേയ്ക്കയക്കുമെന്നുമായിരുന്നു സന്ദേശത്തില് പറഞ്ഞിരുന്നത്.