26
Dec 2024
Mon
26 Dec 2024 Mon

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ക്ക് പരക്കെ ബോംബ് ഭീഷണി. ഇതോടെ കുട്ടികളെ മടക്കിയയച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധന നടത്തിവരികയാണ്. നാല്‍പ്പതിലധികം സ്‌കൂളുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചതെന്നാണ് വിവരം. ഡല്‍ഹി ആര്‍.കെ പുരയിലെ ഡല്‍ഹി പബഌക് സ്‌കൂളിനും പശ്ചിം വിഹാറിലെ ജി.ഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യമായി ബോംബ് ഭീഷണി ലഭിച്ചത്. പുലര്‍ച്ചെ 6:15 ഓടെയാണ് ആദ്യ ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. ഈ സമയം കുട്ടികളും ജീവനക്കാരും പലരും സ്‌കൂളുകളില്‍ എത്തിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇവരെയെല്ലാം മടക്കിയയച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് മറ്റ് സ്‌കൂളുകള്‍ക്കും എത്തുകയായിരുന്നു. ഇതോടെ സ്‌കൂളധികൃതര്‍ ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. ചിലസ്‌കൂളുകളില്‍ സ്ഥലത്ത് പൊലീസ്, അഗ്‌നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുണ്ടായ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാകുകയാണ്. രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറില്‍ ഒക്‌ടോബര്‍ മാസത്തില്‍ സിആര്‍പിഎഫിന്റെ സ്‌കൂളിനോട് ചേര്‍ന്ന് അടുത്തിടെ സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌കൂളിന്റെ മതിലിനും തൊട്ടടുത്തുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കും ഇതില്‍ കേടുപാടുണ്ടായി. പിറ്റേന്ന് ഒക്‌ടോബര്‍ 21ന് എല്ലാ സിആര്‍പിഎഫ് സ്‌കൂളുകളിലേക്കും ഇമെയിലായി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് തെളിഞ്ഞു.

Bomb threats to schools in Delhi; children sent back, inspections on wartime basis