01
Jul 2023
Wed
01 Jul 2023 Wed

മണിപ്പൂര്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് യുവതിക്ക് നേരെ BSF ജവാന്റെ ലൈംഗിക അതിക്രമം; വിഡിയോ പുറത്തുവന്നതോടെ സസ്‌പെന്‍ഷനും കേസും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇംഫാല്‍: വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ട ചുമതലയുള്ള സൈനികനും ലൈംഗിക അതിക്രമം നടത്തിയതായി വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. ഇംഫാല്‍ വെസ്റ്റിലെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വച്ച് യുവതിയെ ബി.എസ്.എഫ് ജവാന്‍ ലൈംഗികപീഡനം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സൈനികനെ സസ്‌പെന്‍ഡ് ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ജൂലൈ 20ന് നടന്ന സംഭവത്തിന്റെ വിഡിയോയിലുള്ളത് ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദ് ആണെന്ന് വ്യക്തമായിട്ടുണ്ട്. സാധനം വാങ്ങാനെത്തിയ യുവതിയെ യൂണിഫോമണിഞ്ഞ് തോക്കും പിടിച്ച സതീഷ് പ്രസാദ് കടന്നുപിടിക്കുന്ന രണ്ട് ചെറിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയതായും അന്നേ ദിവസം തന്നെ സൈനികനെ സസ്‌പെന്റ് ചെയ്തതായും ബി.എസ്.എഫ് അറിയിച്ചു. കൂടാതെ ഇയാള്‍ക്കെതിരേ പട്ടാളക്കോടതിയും അന്വേഷണം നടത്തുന്നുണ്ട്.

മണിപ്പൂരിലെ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലകള്‍ക്കായി അയച്ച സേനയുടെ 100 നമ്പര്‍ ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സതീഷ് പ്രസാദ്. ഇയാള്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികളോട് ബിഎസ്എഫിന് സഹിഷ്ണുതയില്ലെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്നും സേന വ്യക്തമാക്കി.

നേരത്തെ തൗബാല്‍ ജില്ലയില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.