26
Feb 2024
Mon
26 Feb 2024 Mon

പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, അഞ്ചുപേര്‍ക്ക് ഗുരുതരം, അപകടത്തില്‍പ്പെട്ടത് മലപ്പുറത്തുനിന്ന് ടൂര്‍ പോയ കോളേജ് വിദ്യാര്‍ഥികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടിയിലെ ഇഎംഇഎ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

കാലടി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മൂന്നാറില്‍ വിനോദസഞ്ചാരത്തിന് ശേഷം ബസില്‍ മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. അപകടം നടക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ ബസില്‍ ഉറക്കത്തിലായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയുമായാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞ ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ലോറിയിലെ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കാലടിയില്‍ വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇരുവാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.