23
Oct 2026
Fri
23 Oct 2026 Fri

കീറിയ 10 രൂപ നോട്ട് മാറ്റിനൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉപഭോക്താവിന്റെ മർദനത്തിനും അപമാനത്തിനും ഇരയായെന്ന് ആരോപിച്ച് ഫ്ലിപ്കാർട്ട് മിനിറ്റ്സ് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ താമസിച്ചിരുന്ന സമീർ ഹുസൈൻ (23) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഒക്ടോബർ 20നായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ നാലിന് രാത്രി 10.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഏകദേശം 150 രൂപയുടെ കോഫി ഓർഡർ നൽകാനായി ഉപഭോക്താവായ രാംപാൽ സിങ്ങിന്റെ വീട്ടിലെത്തിയതായിരുന്നു സമീർ. പണം നൽകാൻ ഉപഭോക്താവ് 15 മിനിറ്റോളം വൈകിയതിൽ താൻ പരാതിപ്പെട്ടില്ലെന്നും എന്നാൽ നൽകിയ 10 രൂപയുടെ കീറിയ നോട്ട് മാറ്റിനൽകാൻ ആവശ്യപ്പെട്ടപ്പോൾ ഉപഭോക്താവ് മോശമായി പെരുമാറുകയും മൂന്നു തവണ മുഖത്തടിക്കുകയും ചെയ്തുവെന്നുമാണ് സമീർ മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.

ദാരിദ്ര്യത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നതിലുള്ള വേദനയും നീതി ലഭിക്കുമോ എന്ന ആശങ്കയും സമീർ വീഡിയോയിൽ പങ്കുവെച്ചിരുന്നു. സൈക്കിളിൽ സാധനങ്ങൾ വിതരണം ചെയ്താണ് താൻ ഉപജീവനം നടത്തിയിരുന്നതെന്നും സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഒക്ടോബർ അഞ്ചിന് വിഷം കഴിച്ച സമീറിനെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സമീറിന്റെ മാതാവ് കലീമ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതിന്റെ ബലത്തിൽ രക്ഷപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

സംഭവത്തിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS) 108-ാം വകുപ്പ് പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക