27
Dec 2023
Thu
27 Dec 2023 Thu

ഭീഷണിയുയര്‍ത്തി ചക്രവാതച്ചുഴി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കോമറിന്‍ മേഖലയ്ക്കും സമീപ പ്രദേശത്തിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത. മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട തോതില്‍ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ ജാഗ്രത തുടരണം. വിവിധയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്.

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.