02
Aug 2023
Wed
02 Aug 2023 Wed

ചന്ദ്രയാന്‍-3 ഇന്ന് വൈകീട്ട് ചന്ദ്രനിലിറങ്ങും; ഇന്ന് നടന്നില്ലെങ്കില്‍ 27ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. വൈകിട്ട് 6.04ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമം. 20 മിനിറ്റോളം നീളുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനായി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബുധനാഴ്ച വൈകിട്ട് 5.45ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമം തുടങ്ങും. വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തനം പരിശോധിച്ച്, എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ലാന്‍ഡിങ് നടത്തൂ എന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ലാന്‍ഡിങ് ആഗസ്ത് 27ലേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചതായാണ് സൂചന. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുന്‍പ് വിക്രം ലാന്‍ഡറിന്റെ വേഗം കുറയ്ക്കുക എന്നതാണ് പ്രധാന വെല്ലുവിളി. വേഗം കൂടിപ്പോയതാണ് ചന്ദ്രയാന്‍2വില്‍ ഉണ്ടായിരുന്ന വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങാന്‍ കാരണമായത്. ഇതുവരെ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെയാണ് പോകുന്നതെന്നും, എല്ലാ സമയക്രമങ്ങളും മുന്‍ നിശ്ചയപ്രകാരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. യുഎസും സോവിയറ്റ് യൂണിയനും ചൈനയും മാത്രമാണ് പേടകങ്ങള്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ചിട്ടുള്ളത്.

അധികം പര്യവേഷണങ്ങള്‍ നടന്നിട്ടില്ലാത്ത മേഖലയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടെ ജലത്തിന്റെ സാന്നിധ്യമുള്ളതായി ചന്ദ്രയാന്റെ ആദ്യ ദൗത്യത്തില്‍ വ്യക്തമായിട്ടുണ്ട്. തണുത്തുറഞ്ഞ അവസ്ഥയിലാണ് ചന്ദ്രനിലെ ജലസാന്നിധ്യം.

ഈ മേഖലയില്‍ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശത്ത് മൈനസ് 50 മുതല്‍ 10ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുണ്ട്. ഇത് റോവറിനും ലാന്‍ഡറിനും വേണ്ട ഇലക്ട്രോണിക്‌സുകള്‍ പ്രവര്‍ത്തിക്കുന്നതിന് സഹായമാകും.

Chandrayaan-3 lander all set for touch down at 6.04 p.m. on August 23