09
Oct 2025
Mon
09 Oct 2025 Mon
Chief Justice of India B R Gavai

സുപ്രിം കോടതിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ
നാടകീയ രംഗം. കോടതിയിലുണ്ടായിരുന്ന അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയെ ചെരിപ്പെറിയാന്‍ ശ്രമിച്ചു.

whatsapp സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍: അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചു; സനാതന ധര്‍മത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി തലവനായ ബെഞ്ചിന് മുമ്പാകെ കേസുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. അഭിഭാഷകന്‍ ഡയസിനടുത്തേക്ക് ചെന്ന്, ചീഫ് ജസ്റ്റിസിന് നേരെ എറിയാനായി തന്റെ ഷൂ ഊരാന്‍ ശ്രമിക്കുകയായിരുന്നു.

കോടതി മുറിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇടപെട്ടു. അഭിഭാഷകനെ കൂടുതല്‍ മുന്നോട്ട് പോകുന്നതിന് മുമ്പ് തടയുകയും കോടതി വളപ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

71 വയസ്സുള്ള രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അക്രമത്തിന് മുതിര്‍ന്നത്. ഇയാള്‍ മയൂര്‍ വിഹാര്‍ സ്വദേശിയും സുപ്രീം കോടതി ബാര്‍ അസോസിയേഷനിലെ രജിസ്റ്റര്‍ ചെയ്ത അംഗവുമാണ്.

അഭിഭാഷകനെ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് മാറ്റുന്നതിനിടെ, ‘സനാതന ധര്‍മത്തിനെതിരായ അപമാനം സഹിക്കില്ല’ (‘Sanatan ka apman nahi sahenge’) എന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞതായി ‘ബാര്‍ ആന്‍ഡ് ബെഞ്ച്’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: സംഘപരിവാരത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഗസ മൈം വീണ്ടും അരങ്ങേറി; കുമ്പള സ്‌കൂളില്‍ കനത്ത പോലീസ് കാവല്‍

ഈ ബഹളങ്ങള്‍ക്കിടയിലും ചീഫ് ജസ്റ്റിസ് ശാന്തത പാലിക്കുകയും ശ്രദ്ധ തെറ്റിക്കരുതെന്ന് അവിടെ ഉണ്ടായിരുന്നവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘ഇതൊന്നും കണ്ട് ശ്രദ്ധ മാറാതിരിക്കുക. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല,’ അദ്ദേഹം ശാന്തനായി പറഞ്ഞു. അതിനുശേഷം അദ്ദേഹം കോടതി നടപടികള്‍ തുടരാന്‍ അനുമതി നല്‍കി.

പ്രാഥമിക അന്വേഷണത്തില്‍, മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലെ ഒരു വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ സമീപകാല വാദത്തിനിടെ സി.ജെ.ഐ. നടത്തിയ പരാമര്‍ശങ്ങളില്‍ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നുവെന്ന് വ്യക്തമായി.

സെപ്തംബര്‍ 16-ന്, ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലെ ജവാരി ക്ഷേത്രത്തിലെ ജീര്‍ണ്ണിച്ച 7 അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനൊപ്പം രണ്ടംഗ ബെഞ്ചിന് അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഗവായിയുടെ പരാമര്‍ശം.

‘ഇതൊരു തികച്ചും പ്രചാരണ താല്‍പര്യമുള്ള വ്യവഹാരമാണ്. നിങ്ങള്‍ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ വിഷ്ണുഭഗവാന്റെ ശക്തനായ ഭക്തനാണെങ്കില്‍, നിങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുക’ ജസ്റ്റിസ് ഗവായി ഹരജിക്കാരനോട് പറഞ്ഞു.

പിന്നീട്, താന്‍ ‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ ജസ്റ്റിസ് ഗവായി, ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതായതിനാലാണ് താന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും വ്യക്തമാക്കി. താന്‍ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നുവെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ജസ്റ്റിസ് ഗവായി വ്യക്തമാക്കി.