മിയാമി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകളോട് നമ്മുടെ മനസ്സിന്റെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് ഇന്നൊരു പുതിയ കാര്യമല്ല. എന്നാല്‍ എഐയോട് മനസ്സ് തുറന്ന് ഒടുവില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ (FBI) പിടിയിലായ ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. ഫ്‌ലോറിഡ സ്വദേശിയായ 25-കാരന്‍ ഡാരന്‍ ഷൗ ആണ് സ്വന്തം ‘ഡിജിറ്റല്‍ കൂട്ടുകാരനായ’ ചാറ്റ്ജിപിടിയോട് കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഒടുവില്‍ അഴിയെണ്ണിയത്!
|
പ്രണയം തകര്‍ന്നു, പിന്നാലെ എഐ സൗഹൃദം
ആറുമാസം നീണ്ട പ്രണയം തകര്‍ന്നതോടെയാണ് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഡാരന്‍ ചാറ്റ്ജിപിടിയെ ആശ്രയിച്ചുതുടങ്ങിയത്. വേര്‍പിരിയലിന്റെ വിഷമങ്ങളും കാമുകിയോടുള്ള അസൂയയും വീണ്ടും ഒന്നാകാനുള്ള ആഗ്രഹങ്ങളുമൊക്കെയായിരുന്നു തുടക്കത്തില്‍ സംഭാഷണ വിഷയങ്ങള്‍. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ഈ സന്ദേശങ്ങളുടെ രീതി മാറി. പ്രണയനൈരാശ്യം ക്രമേണ ഭയാനകമായ പ്രതികാര ചിന്തകള്‍ക്കും അക്രമങ്ങള്‍ക്കും വഴിമാറി.
‘എനിക്ക് കിട്ടിയില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട!’
തന്റെ പക്കല്‍ എ.ആര്‍-15 മോഡല്‍ റൈഫിള്‍, ഗ്ലോക്ക് ഹാന്‍ഡ്ഗണ്‍, ഷോട്ട്ഗണ്‍ എന്നിവയുണ്ടെന്ന് ഡാരന്‍ ചാറ്റ്ജിപിടിയോട് തുറന്നുപറഞ്ഞു. ‘ഈ മാസം അവസാനത്തോടെ ഞാന്‍ അവളെ കൊലപ്പെടുത്തും, എനിക്ക് ലഭിച്ചില്ലെങ്കില്‍ മറ്റാര്‍ക്കും അവള്‍ വേണ്ട’ എന്നതടക്കമുള്ള ഞെട്ടിക്കുന്ന സന്ദേശങ്ങളാണ് ഇയാള്‍ ചാറ്റ്‌ബോട്ടിലേക്ക് അയച്ചത്. തോക്കുചൂണ്ടി മുന്‍കാമുകിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുമെന്നും തുടര്‍ന്ന് കൊലപ്പെടുത്തുമെന്നുമുള്ള കൃത്യമായ പ്ലാനുകള്‍ ഇയാള്‍ എഐയോട് പങ്കുവെച്ചു.
എഐ പണി കൊടുത്തു!
സന്ദേശങ്ങളിലെ അപകടസാധ്യതയും കൊലപാതക ആസൂത്രണവും കൃത്യമായി തിരിച്ചറിഞ്ഞ ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐ (OpenAI) ഒട്ടും സമയം കളയാതെ വിവരം എഫ്.ബി.ഐക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മേയ് മാസത്തില്‍ ഡാരന്‍ അറസ്റ്റിലാവുകയായിരുന്നു.
ഓഗസ്റ്റ് 13-ന് നടന്ന കോടതി വിചാരണയില്‍ ഡാരന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ജയില്‍ശിക്ഷ ഒഴിവാക്കി സര്‍ക്യൂട്ട് ജഡ്ജി സ്‌കോട്ട് സൂസ്‌കോവര്‍ ഇയാള്‍ക്ക് 8 വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷ വിധിച്ചു.
ശിക്ഷാ വ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്:
2 വര്‍ഷത്തേക്ക് കാലില്‍ ജി.പി.എസ് (GPS) ട്രാക്കിംഗ് മോണിറ്റര്‍ ധരിക്കണം.
കര്‍ശനമായ ബിഹേവിയര്‍ തെറാപ്പിയും മാനസികാരോഗ്യ പരിശോധനയും.
ലഹരിമരുന്ന്, മദ്യം, ആയുധങ്ങള്‍ എന്നിവ കൈവശം വെക്കുന്നതിന് പൂര്‍ണ്ണ വിലക്ക്.
മുന്‍കാമുകിയുമായി യാതൊരുവിധത്തിലും ബന്ധപ്പെടാന്‍ പാടില്ല.
കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എഐ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനിടയിലാണ് ഓപ്പണ്‍എഐയുടെ ഈ മാതൃകാപരമായ ഇടപെടല്‍ ശ്രദ്ധ നേടുന്നത്. എഐ ചാറ്റ്‌ബോട്ടുകളോട് എന്തും പറയാമെന്നും അത് സ്വകാര്യമായിരിക്കുമെന്നും കരുതുന്നവര്‍ക്ക് ഒരു വലിയ മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.
Tags: ChatGPT, OpenAI, FBI Arrest, AI News, Florida News, AI Safety, OpenAI Crime Alert, Darren Shaw, Tech News Malayalam, AI Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



