22
Oct 2026
Thu
22 Oct 2026 Thu
US Orders Embassy Staff Leave Saudi Arabia Houthi Drone Attack

വാഷിംഗ്ടണ്‍ / റിയാദ്: യെമനിലെ ഹൂത്തികള്‍ സൗദി അറേബ്യയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ജനവാസ മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ അമേരിക്കയുടെ അടിയന്തര സുരക്ഷാ നീക്കം. സൗദി അറേബ്യയിലെ യു.എസ് എംബസിയിലെ അവശ്യ വിഭാഗത്തിലല്ലാത്ത മുഴുവന്‍ ജീവനക്കാരോടും (non-emergency staff) അവരുടെ കുടുംബങ്ങളോടും ഉടന്‍ തന്നെ തിരികെ അമേരിക്കയിലേക്ക് മടങ്ങാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • മടങ്ങിപ്പോകാൻ നിർദേശം: സൗദി അറേബ്യയിലെ യു.എസ് എംബസിയിലെ അവശ്യ സർവീസിലില്ലാത്ത മുഴുവൻ ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും ഉടൻ രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു.
  • മറ്റു ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ ജാഗ്രത: യു.എ.ഇ, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ യു.എസ് എംബസി ജീവനക്കാരുടെ കുടുംബങ്ങളോടും തിരികെ പോകാൻ നിർദേശം നൽകി.
  • ഹൂത്തി ആക്രമണ ഭീഷണി: ദമാം വിമാനത്താവളത്തിലും അരാംകോ എണ്ണപ്പാടത്തിലും ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ജീവനഹാനിയും നാശനഷ്ടങ്ങളുമുണ്ടായതിന് പിന്നാലെയാണ് നീക്കം.
  • ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്: ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാൻ ലക്ഷ്യമിട്ട് പനാമ, ഗ്രീസ് കേന്ദ്രീകൃത ലീഗൽ ഫേമിനും ഷിപ്പിംഗ് ഏജന്റുകൾക്കും യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉപരോധം ഏർപ്പെടുത്തി.

സൗദിക്ക് പുറമെ യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ യു.എസ് നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങളോടും സുരക്ഷ മുന്‍നിര്‍ത്തി മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം

സൗദിയിലെ പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും എണ്ണ സംസ്‌കരണ ശാലകള്‍ക്കും നേരെ ഹൂത്തികള്‍ തുടര്‍ച്ചയായി നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ശൈബയിലെ സൗദി അരാംകോ എണ്ണപ്പാടത്തിന് സമീപത്തും നടന്ന ആക്രമണങ്ങളില്‍ ഇന്ത്യാക്കാരന്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുന്‍പും സൗദിയിലെ യു.എസ് എംബസി കെട്ടിടങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടായിട്ടുള്ള സാഹചര്യത്തില്‍, തങ്ങളുടെ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പെട്ടെന്നുള്ള ഈ നിര്‍ദേശം.

ഇറാന്റെ ‘ഷാഡോ ഫ്‌ലീറ്റിന്’ നേരെ അമേരിക്കയുടെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’

അതിനിടെ, ഹൂത്തികള്‍ക്കും മറ്റ് പ്രാദേശിക സായുധ സംഘങ്ങള്‍ക്കും പണവും ആയുധങ്ങളും നല്‍കി സഹായിക്കുന്ന ഇറാന്റെ അനധികൃത സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കാന്‍ ലക്ഷ്യമിട്ട് കടുത്ത ഉപരോധ നടപടികളിലേക്ക് അമേരിക്ക കടന്നു. ഇതിന്റെ ഭാഗമായി പനാമ, ഗ്രീസ് എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ലീഗല്‍ ഫേമായ ‘കര്‍ണാക്കിസ് ആന്‍ഡ് കര്‍ണാക്കിസ്’ (Karnakis & Karnakis), വിവിധ അന്താരാഷ്ട്ര ഷിപ്പിംഗ് ഏജന്റുകള്‍, എണ്ണക്കടത്തിന് ഉപയോഗിക്കുന്ന കപ്പലുകള്‍ എന്നിവര്‍ക്കെതിരെ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചു.

‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന പേരില്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇറാന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിയമവിരുദ്ധമായി ലോകവിപണിയില്‍ വിറ്റഴിക്കാന്‍ ‘ഷാഡോ ഫ്‌ലീറ്റ്’ (Shadow Fleet) ശൃംഖലകള്‍ക്ക് ഈ സ്ഥാപനങ്ങള്‍ അനധികൃത സഹായം നല്‍കിയതായി കണ്ടെത്തി.

ഇത്തരത്തില്‍ ലഭിക്കുന്ന തുകയാണ് ഇറാന്റെ സൈനിക, ആണവ, മിസൈല്‍ പദ്ധതികള്‍ക്കും ഹൂത്തികള്‍ ഉള്‍പ്പെടെയുള്ള നിഴല്‍ സേനകള്‍ക്കും ഫണ്ട് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, മറ്റ് ഗള്‍ഫ് പങ്കാളി രാജ്യങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഘട്ടംഘട്ടമായി പൂട്ടിക്കെട്ടുമെന്ന് യു.എസ് ട്രഷറി വക്താക്കള്‍ എക്സിലൂടെ (X) അറിയിച്ചു.

Tags: US Embassy Staff Leave Saudi Arabia, Houthi Drone Attack Saudi, Operation Economic Outcast Iran, US Iran Sanctions Karnakis, World News Malayalam, Gulf News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക