കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ട് നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസിൽ നല്ല രീതിയിൽ അന്വേഷണം നടന്നു. അന്വേഷണ മികവ് പൊലീസ് കാട്ടി. ആത്മാർഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പൊലീസിന്റെ കൃത്യനിർവഹണം പോലും തടസപ്പെടുത്തുന്ന തരത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.





