24
Feb 2023
Sun
24 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കി മൂന്നാറിൽ വീണ്ടും ബാല്യവിവാഹം റിപ്പോർട്ട്‌ചെയ്തു. അമ്മയും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിയത്. വരനെതിരെ പോക്സോ നിയമപ്രകാരവും അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരവും ദേവികുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളിയായ 26 നെതിരെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. 26 കാരൻ 17 കാരിയെയാണ് വിവാഹംചെയ്തത്.

പെൺകുട്ടി 7 മാസം ഗർഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേർന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെ ഒരു മാസം മുൻപാണു വിവരം പൊലീസ് അറിഞ്ഞത്.

വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനു മുന്നിൽ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞത്. തുടർന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം എസ്എച്ച്ഒ എസ് ശിവലാൽ പറഞ്ഞു. രണ്ടാഴ്ച മുൻപാണ് ഇടമലക്കുടി പഞ്ചായത്തിൽ നാൽപത്തേഴുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചത്.