|
ചെന്നൈ: തങ്കലാന്‍ എന്ന ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ നടന്‍ വിക്രത്തിന് പരിക്കുപറ്റി. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. ഈ ചിത്രത്തിന്റെ റിഹേഴ്‌സലിനിടെയാണ് വിക്രമിന് പരിക്കുപറ്റിയിരിക്കുന്നത്. വാരിയെല്ലിനാണ് പരിക്ക്. ഇതേ തുടര്‍ന്ന് ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പൂര്‍ണ ആരോഗ്യവാനായി ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പിഎസ് 2 എന്ന ചിത്രത്തിലും അതിലെ വിക്രമിന്റെ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌ക്രീനില്‍ വിക്രം ചെയ്ത മാജിക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.


