ചെങ്ങന്നൂര്‍: കോളജ് ബസിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കുന്നതിനിടെ ഗിയര്‍ബോക്‌സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി വെളിയില്‍ കട്ടച്ചിറയില്‍ കുഞ്ഞുമോന്‍ (61) ആണ് മരിച്ചത്. ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.
|
ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് ബസിന്റെ ടര്‍ബൈന്‍ തകരാറിലായതിനാല്‍ വ്യാഴാഴ്ച ബസ് ഓടിയിരുന്നില്ല. ഇതെത്തുടര്‍ന്ന് പുതിയ ടര്‍ബൈനുമായി ചങ്ങനാശ്ശേരിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും മെക്കാനിക്ക് വൈകീട്ടോടെയാണ് എത്തിയത്. ഇത് ഘടിപ്പിക്കുന്നതിനിടയില്‍ വാഹനം ഉഗ്രശബ്ദത്തോടെ റേസ് ആവുകയും ഗിയര്‍ബോക്‌സ് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സംഭവത്തില്‍ കുഞ്ഞുമോനും കുഞ്ഞുമോന്‍ വന്ന ഓട്ടോയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടോ ഡ്രൈവര്‍ സമീപത്ത് നിന്ന് ടോര്‍ച്ച് തെളിച്ചു കൊടുക്കുകയായിരുന്നു. വാഹനം ഉഗ്രശബ്ദത്തില്‍ റേസ് ആയതോടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന പുലിയൂര്‍ പേരിശേരി സ്വദേശി സജീന്ദ്രന്‍ (60) പുറത്തേക്ക് ചാടിയിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പൊട്ടിത്തെറിയെത്തുടര്‍ന്ന് പ്രദേശമാകെ പുകപടര്‍ന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് ബസില്‍ നിന്നും തെറിച്ച ലോഹക്ഷണം കോളജ് ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസും മുകള്‍ഭാഗവും തകര്‍ത്ത് പുറത്തേക്ക് വീണു.





