23
Sep 2026
Wed
23 Sep 2026 Wed

തന്നിൽ നിന്ന് അകലം പാലിച്ച വിദ്യാർഥിനിയെ വിഷം കുടിപ്പിച്ച് കൊല്ലുകയും ആത്മഹത്യ എന്ന് വരുത്തി തീർക്കുകയും ചെയ്ത കോളജ് അധ്യാപകൻ അറസ്റ്റിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് സംഭവം. 20 വയസ്സുകാരിയായ എൻജിനീയറിങ് വിദ്യാർഥിനി തന്ദ്ര അക്ഷിതാറാണിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ ഔട്ട്‌സോഴ്സ്ഡ് അധ്യാപകനായ നവീൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നസ്പൂരിലെ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിൽ ഡിപ്ലോമ പഠിക്കുന്നതിനിടെയാണ് അക്ഷിതാറാണി നവീൻ കുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഡിഗ്രി പഠനത്തിനായി ഹൈദരാബാദിലേക്ക് പോയ വിദ്യാർഥിനി സിംഗരേണി ഖനിയിലെ അപ്രന്റീസ്ഷിപ്പിനിടെ രവി കുമാറുമായി അടുത്തു.
അക്ഷിതാറാണി തന്നിൽ നിന്ന് അകലം പാലിക്കുകയും രവി കുമാറുമായി അടുപ്പത്തിലാവുകയും ചെയ്തതിൽ നവീൻ കുമാറിന് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്ന് ഇരുവർക്കുമെതിരെ ഇയാൾക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 12ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അക്ഷിതാറാണിയെ എഫ്‌സിഐ ക്രോസ് റോഡിന് സമീപത്തുവച്ച് നവീൻ കുമാർ കാറിൽ തടഞ്ഞുനിർത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് രവി കുമാറിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന കുറിപ്പ് എഴുതാൻ നിർബന്ധിച്ച ശേഷം വിഷം കുടിപ്പിച്ചെന്നാണ് കേസ്.
വിഷം കഴിച്ച നിലയിൽ അക്ഷിതാറാണിയെ പിന്നീട് ഗോഡാവരിഖനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 13ന് ചികിത്സയിലിരിക്കെ മരിച്ചു.

സംഭവം ആദ്യം ആത്മഹത്യയാണെന്നായിരുന്നു കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, കോളുകളുടെ വിവരങ്ങൾ, റെക്കോർഡിങ്ങുകൾ എന്നിവ പരിശോധിച്ച പൊലീസ് സംഭവത്തിൽ ദുരൂഹത കണ്ടെത്തുകയായിരുന്നു. അക്ഷിതാറാണിക്ക് വൈദ്യസഹായം ലഭിക്കുന്നത് നവീൻ കുമാർ വൈകിപ്പിച്ചെന്നും പിന്നീട് യുവതിയുടെ ഫോണിൽ നിന്ന് പിതാവിനെ ബന്ധപ്പെട്ട് ആത്മഹത്യയാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നതായാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 20ന് നവീൻ കുമാറിനെയും സിംഗരേണി ഓവർമാനായ രവി കുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നവീൻ കുമാറിന്റെ
കാറും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

അതേസമയം, രവി കുമാറിനെതിരെ അക്ഷിതാറാണി ഉന്നയിച്ച നിർബന്ധിത ശാരീരിക ബന്ധം സംബന്ധിച്ച ആരോപണത്തിലും പ്രത്യേക അന്വേഷണം തുടരുകയാണ്. ആരോപണം രവി കുമാറിന്റെ ഭാര്യ നിഷേധിച്ചു. ഭർത്താവിനെ കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും സിംഗരേണിയിലെ ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

ALSO READ:വിമാന യാത്രയുടെ സ്‌പോണ്‍സര്‍ ആര്? ചോദ്യത്തിന് ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി; പണം നല്‍കിയത് ചിപ്സണ്‍ ഏവിയേഷനെന്ന് സൂചന

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക