23
Sep 2026
Wed
23 Sep 2026 Wed
vd satheeshan press meet

മലപ്പുറത്തേക്കുള്ള വിവാദ വിമാന യാത്രയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാര്‍ ചെലവിലല്ല യാത്രയെന്നും ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് കൃത്യമായി മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • യാത്ര: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്.
  • മുഖ്യമന്ത്രിയുടെ വിശദീകരണം: ഒരു മലയാളി പരിചയക്കാരനാണ് വിമാനം ഒരുക്കിയതെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
  • സ്പോൺസർഷിപ്പ് റിപ്പോർട്ട്: ചിപ്സൺ ഏവിയേഷനാണ് യാത്രയുടെ സ്പോൺസർ എന്ന സൂചനകളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്.
  • ചെലവ്: കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിന് ചിപ്സൺ ഏവിയേഷൻ ₹19,88,595 നൽകിയതായാണ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്.
  • സർക്കാർ നിലപാട്: ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സ്പോൺസറാണ് വഹിച്ചതെന്നും സംസ്ഥാന ഖജനാവിന് അധിക ചെലവൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മലപ്പുറത്തേക്കു പോകാന്‍ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്നും അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടോ ചോദ്യത്തോട് പ്രതികരിച്ചു.

ALSO READ: ‘വന്ദേ മാതരം’ പാടാത്തതിന് ശിക്ഷ പാടില്ല: കേന്ദ്രത്തോട് സുപ്രീം കോടതി

മുന്‍മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. അവരുടെ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയിട്ടുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അതു മറക്കരുത്. എന്തിനാണ് അവരെയൊക്കെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. മലയാളിയായ ഒരാളാണ് എനിക്കു വിമാനം ഒരുക്കിയത്. അതില്‍ എന്താണു തെറ്റ്? ആവശ്യം വന്നാല്‍ ഇനിയും പോകും. അതില്‍ തെറ്റു കാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരില്‍ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവര്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന്‍ ന്യായീകരിച്ചു.

സ്‌പോള്‍സര്‍ ചിപ്‌സണ്‍ ഏവിയേഷനോ?

മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. യാത്രയുടെ സ്പോണ്‍സര്‍ ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷനാണെന്നാണ് ചാനല്‍ റിപോര്‍ട്ടില്‍ സൂചന നല്‍കുന്നത്. കര്‍ണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. ചാര്‍ട്ടേഡ് വിമാനത്തിനായി എ വി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന് ചിപ്സണ്‍ നല്‍കിയത് 19,88,595 രൂപയാണ്. അതില്‍ 8,42,000 രൂപ മുന്‍കൂര്‍ കൈമാറി.

കര്‍ണാടകയിലെ ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ജിന്‍ഡാലില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ഇതിനായി ഒരു മണിക്കൂര്‍ 27 മിനിറ്റാണ് പറന്നത്. തിരുവനന്തപുരത്ത് നിന്ന് 2.17നായിരുന്നു കരിപ്പൂരിലേക്കുള്ള ടേക്ക്ഓഫ്. 3.07ന് കരിപ്പൂരില്‍ എത്തി. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത് രാത്രി 7.35നാണ്. രാത്രി 8.18ന് തിരുവനന്തപുരത്ത് ഇറങ്ങി. വിമാനം ആകെ ഉപയോഗിച്ചിരിക്കുന്നത് 8 മണിക്കൂര്‍ 42 മിനിറ്റാണ്. വിമാനം പറന്ന സമയം 4 മണിക്കൂര്‍ 22 മിനിറ്റ്. ഓരോ മണിക്കൂറിനും 2.7 ലക്ഷം വരെയാണ് വിമാനത്തിന്റെ വാടക. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയുടെ കുറഞ്ഞ ചെലവ് 14 ലക്ഷം രൂപയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയാണ് ചിപ്സണ്‍ ഏവിയേഷന്‍. ചാര്‍ട്ടേഡ് വിമാനയാത്രാ കരാറിനായി ചിപ്സണ്‍ ഏവിയേഷന്റെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനയാത്രാ കരാര്‍ പുതുക്കി നല്‍കാനുള്ള ചിപ്സണ്‍ കമ്പനിയുടെ പാരിതോഷികമാണോ മുഖ്യമന്ത്രിക്ക് നല്‍കിയ സൗജന്യം എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക