25
May 2024
Mon
25 May 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: വിവാഹ വാർഷികം പലനിലയ്ക്കും വെറൈറ്റി ആയി ആഘോഷിക്കുന്നവർ ആണ് നമ്മളെല്ലാം. എന്നാൽ മലപ്പുറത്തെ ഈ ദമ്പതികളുടെ ആഘോഷം ഏവർക്കും മാതൃക ആണ്. പാവപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം ദാനമായി നൽകിയാണ് ദമ്പതികൾ വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിക്കുന്നത്.

എടക്കര പാര്‍ലി ശ്രീനിലയത്തില്‍ വിജയ്കുമാര്‍ ദാസും ഭാര്യ നിഷയുമാണ് 25-ാം വിവാഹ വാര്‍ഷികത്തില്‍ 7 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 5 സെന്റ് വീതം ദാനം ചെയ്തത്.

പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ഭൂമിയുടെ രേഖകള്‍ പിവി അന്‍വര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഒടി ജയിംസ് തുടങ്ങിയവര്‍ വിതരണം ചെയ്തു. വിജയ്കുമാര്‍ ദാസ് 25 വര്‍ഷം ദുബൈയിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുന്‍പാണു നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

നേരത്തേ എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിനു കെട്ടിടം നിര്‍മിക്കാന്‍ 12 സെന്റ് ഭൂമിയും ഇവര്‍ ദാനമായി നല്‍കിയിരുന്നു.

Couple from Malappuram celebrate their 25th wedding anniversary by donating land for 7 poors